കൊല്ലാനല്ല കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷന്‍; 37 തവണ വെട്ടിയെന്നും പ്രതികളുടെ മൊഴി: ഷുഹൈബ് വധം സിപിഎമ്മിന് വീണ്ടും തിരിച്ചടിയാവുന്നു

single-img
19 February 2018

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുന്നു. ഞായറാഴ്ച കസ്റ്റഡിയിലായ രണ്ടുപേര്‍ പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായതോടെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വെളിച്ചത്തുവരികയാണ്.

ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. അക്രമത്തിലേക്ക് നയിച്ചത് നേരത്തെയുണ്ടായ സംഘര്‍ഷങ്ങള്‍. ഷുഹൈബ് അക്രമിക്കപ്പെടുമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നു. കൊല്ലാനായിരുന്നില്ല കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷനെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

ഇന്നലെ അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊല നടത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രതികള്‍ക്കായി സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്. അതിനിടെ ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു വി.എസ്. ആലുവയില്‍ പറഞ്ഞു. ഷുഹൈബ് വധം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, ഷുഹൈബിന്റെ വധം സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാവുകയാണ്. കണ്ണൂരില്‍ മുന്‍പുനടന്ന അരിയില്‍ ഷുക്കൂര്‍ വധവും വടകരയിലെ ടി.പി. ചന്ദ്രശേഖരന്‍ വധവും ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. നേതാക്കള്‍ ഉള്‍പ്പെടെ ഇതില്‍ പ്രതികളായി.

പിന്നീടുണ്ടായ കതിരൂര്‍ മനോജ് വധക്കേസില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി പി. ജയരാജനും പ്രതിപ്പട്ടികയില്‍ വന്നു. സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച ഈ കേസിന്റെ ചെലവിലേക്ക് ഫണ്ട് ശേഖരണത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഷുഹൈബ് വധം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി തൃശ്ശൂരില്‍ സംസ്ഥാന സമ്മേളനം നടക്കാനിരിക്കേയാണ് സംഭവം.

വിഷയം പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാനതലത്തില്‍ത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സി.പി.എം. കതിരൂര്‍ ഫണ്ട് പിരിക്കുന്ന വേളയില്‍ തന്നെയാണ് കോണ്‍ഗ്രസ് ഷുഹൈബ് ഫണ്ട് പിരിവും നടത്തുക. പ്രതികള്‍ക്കും ഇരകള്‍ക്കുംവേണ്ടി രണ്ടുപാര്‍ട്ടികള്‍ വ്യത്യസ്തപിരിവുകള്‍ ഒരേ ജില്ലയില്‍നിന്ന് സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം ചര്‍ച്ചയാവുന്നതും പാര്‍ട്ടിക്ക് ക്ഷീണമാകും.

ഷുഹൈബ് വധം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും യു.എ.പി.എ. ചുമത്തണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യവും സി.പി.എമ്മിന് തലവേദനയാണ്. സി.പി.എമ്മിനോട് മൃദുസമീപനം കാണിക്കാറുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍വരെ ഇക്കാര്യത്തില്‍ ഇടപെട്ടതും പാര്‍ട്ടിക്ക് ക്ഷീണമായി.