ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം

single-img
19 February 2018

ഖത്തറിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കു തൊഴില്‍കരാര്‍ ലഭിക്കാന്‍ ഇനി അലയേണ്ട. തൊഴില്‍കരാറിന്റെ പകര്‍പ്പ് ഇനി മന്ത്രാലയ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുതാര്യമാക്കുക, തൊഴില്‍ തട്ടിപ്പുകള്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണു ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

കരാര്‍ പകര്‍പ്പു ലഭിക്കുന്നതിനുള്ള ലിങ്ക് മന്ത്രാലയം കഴിഞ്ഞദിവസം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തി. http://empcont.adlsa.gov.qa/ എന്ന ലിങ്കിലൂടെ വെബ്‌പേജില്‍ പ്രവേശിക്കാം. ആദ്യം പകര്‍പ്പുവേണ്ട ഭാഷ തെരഞ്ഞെടുക്കണം.

പകര്‍പ്പു വേണ്ടവര്‍ നിര്‍ദിഷ്ട കോളത്തില്‍ വീസാ നമ്പറോ ക്യുഐഡി നമ്പറോ രേഖപ്പെടുത്തണം. തുടര്‍ന്ന് അപേക്ഷകന്റെ മൊബൈല്‍ നമ്പറും നല്‍കണം. അപേക്ഷകന്റെപേരിലുള്ള ക്യുഐഡി ഉപയോഗിച്ച് എടുത്തതാവണം മൊബൈല്‍ നമ്പര്‍.

ഈ മൊബൈല്‍ നമ്പറിലേക്കു മന്ത്രാലയത്തില്‍നിന്നുള്ള കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ നിര്‍ദിഷ്ടകോളത്തില്‍ രേഖപ്പെടുത്തുന്നതോടെ സ്‌ക്രീനില്‍ കരാര്‍ തെളിയും. ഇതു ഡൗണ്‍ലോഡ് ചെയ്യാം. ഇതുവരെ തൊഴില്‍കരാര്‍ ലഭിക്കാന്‍ തൊഴിലാളി മന്ത്രാലയത്തിനുകീഴിലെ തൊഴില്‍കാര്യ വിഭാഗത്തില്‍ നേരിട്ടെത്തണമായിരുന്നു.

മാത്രമല്ല, പകര്‍പ്പു വാങ്ങുന്നതിനു കമ്പനി പ്രതിനിധിയുടെ സഹായവും വേണ്ടിയിരുന്നു. എന്നാലിപ്പോള്‍ ഒരു പ്രയാസവുമില്ലാതെ തൊഴില്‍ കരാറിന്റെ അറബിക്കിലും ഇംഗ്ലിഷിലുമുള്ള പകര്‍പ്പുകള്‍ സ്വയമെടുക്കാമെന്നു മന്ത്രാലയം അറിയിച്ചു.

അതേസമയം നിലവില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍നിന്നു രാജി സമര്‍പ്പിക്കാനും പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ കരാറിന്റെ പകര്‍പ്പ് ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.