പ്രിയ വാര്യര്‍ സണ്ണി ലിയോണിനെയും മറികടന്നു

single-img
19 February 2018

ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

ഇപ്പോള്‍ പ്രിയ പി. വാര്യരെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി. കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയയ്ക്ക് ലഭിച്ചത്. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഈ നേട്ടം കരസ്ഥമാക്കിയത്.

സണ്ണി ലിയോണിനെ പിന്നിലാക്കി ഗൂഗിളില്‍ ഒന്നാമതെത്തിയ പ്രിയ ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും വരെ തോല്‍പിച്ചു. ബോളിവുഡ് സുന്ദരിമാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള പട്ടം ഒറ്റ സിനിമയില്‍ പോലും അഭിനയിക്കാതെ പ്രിയ നേടിയെടുത്തു.

ഇന്‍സ്റ്റാഗ്രമില്‍ 3.8 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ച കൊണ്ട് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ നേട്ടവും. ദേശീയ മാധ്യമങ്ങളില്‍ പോലും പ്രിയയുടെ നേട്ടം ചര്‍ച്ചയായി കഴിഞ്ഞു. പ്രിയയുടെ പ്രതിഫലത്തെ ചൊല്ലിയും മറ്റും അനേകം വാര്‍ത്തകളാണ് പരക്കുന്നത്. സിനിമ പുറത്തിറങ്ങും മുമ്പ് ഇങ്ങനെയാണെങ്കില്‍ സിനിമ ഇറങ്ങിയ ശേഷം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അതിനിടെ, പ്രേക്ഷകരെ നിരാശരാക്കുന്ന ഒരു തീരുമാനവുമായി പ്രിയ രംഗത്തെത്തി. ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് പ്രിയ പറയുന്നത്. പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്.

ആഗസ്ത് വരെ അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പ്രിയ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയയുടെ വിശദീകരണം. സിനിമയെപ്പറ്റി വലിയ ധാരണകളൊന്നും ഇല്ലാതെ ചെറിയ വേഷത്തിനായി എത്തിയ ഞങ്ങളെക്കൊണ്ട് ‘കണ്ണിറുക്കലും ഗണ്‍ കിസ്സുമൊക്കെ’ ചെയ്യിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും സംവിധാകയന്‍ ഒമര്‍ലുലുവിനവകാശപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയുടെ കുറിപ്പ്.

ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പ്രിയ വ്യക്തമാക്കി. പ്രിയ വാര്യരുടെ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. വൈറലായി മാറിയ ‘കണ്ണിറുക്കലിന്റെയും’ ‘ഗണ്‍ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ DOP സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ് മാന്‍ തുടങ്ങിയ എല്ലാ ടെക്‌നീഷ്യന്‍സിനും കോ ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.

പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, ‘ഒരു അഡാര്‍ ലവ്’ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.

കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി.