എന്തിന് കേസെടുത്തു: നടി പ്രിയാ വാര്യര്‍ സുപ്രീം കോടതിയില്‍

single-img
19 February 2018

അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്താണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ പറയുന്നു. പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മുസ്ലിം വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനയില്‍പ്പെട്ട യുവാക്കള്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാനം പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒമര്‍ ലുലുവിന് തെലങ്കാന പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അതിനിടെ, പ്രേക്ഷകരെ നിരാശരാക്കുന്ന ഒരു തീരുമാനവുമായി പ്രിയ രംഗത്തെത്തി. ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് പ്രിയ പറയുന്നത്. പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്.

ആഗസ്ത് വരെ അഡാര്‍ ലൗവിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് പ്രിയ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയയുടെ വിശദീകരണം. സിനിമയെപ്പറ്റി വലിയ ധാരണകളൊന്നും ഇല്ലാതെ ചെറിയ വേഷത്തിനായി എത്തിയ ഞങ്ങളെക്കൊണ്ട് ‘കണ്ണിറുക്കലും ഗണ്‍ കിസ്സുമൊക്കെ’ ചെയ്യിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും സംവിധാകയന്‍ ഒമര്‍ലുലുവിനവകാശപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയുടെ കുറിപ്പ്.

ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പ്രിയ വ്യക്തമാക്കി. പ്രിയ വാര്യരുടെ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ആദ്യം തന്നെ നിങ്ങള്‍ ഓരോരുത്തരോടും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ വല്യ ധാരണയൊന്നും ഇല്ലാതെ വളരെ ചെറിയ ഒരു വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. വൈറലായി മാറിയ ‘കണ്ണിറുക്കലിന്റെയും’ ‘ഗണ്‍ കിസ്സിന്റെയും’ മൊത്തം ക്രെഡിറ്റ് ഷൂട്ടിങ്ങിന്റെ സമയത്ത് സ്‌പോട്ടില്‍ ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചെടുത്ത സംവിധായകന്‍ ഒമര്‍ ലുലു സാറിനാണ്. പിന്നെ ഞങ്ങളുടെ ഉഛജ സിനു സിദ്ധാര്‍ത്ഥ്, മ്യൂസിക്ക് ഡയറക്ടര്‍ ഷാന്‍ റഹ് മാന്‍ തുടങ്ങിയ എല്ലാ ടെക്‌നീഷ്യന്‍സിനും കോ ആക്ടെര്‍സിനും കൂടി എന്റെ നന്ദി അറിയിക്കുന്നു.

പല ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് ഓഫേര്‍സ് വരുന്നുണ്ട്. ആഗസ്ത് വരെ, ‘ഒരു അഡാര്‍ ലവ്’ന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞങ്ങളെ പോലെയുള്ള പുതുമുഖങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.

കഴിവുള്ള എന്നാല്‍ അവസരം ലഭിക്കാത്ത ഒരുപാട് നടീ നടന്‍മാര്‍ ഉണ്ട്. അവര്‍ക്കും അവസരം കിട്ടട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടുതല്‍ ഓഡിഷനുകള്‍ ഉണ്ടാവട്ടെ! ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായ നന്ദി.