ഭീഷണി ഏറ്റു; സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി

single-img
19 February 2018


തിരുവനന്തപുരം: സര്‍ക്കാറിന്‍െറ നടപടികള്‍ പേടിച്ച്, സമരത്തില്‍ നിന്ന് ചില സ്വകാര്യ ബസ് ഉടമകള്‍ പിന്‍മാറുന്നു. നാലാം ദിവസം കടന്ന സമരത്തിനെതിരെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയതോടെയാണ് ‘മനംമാറ്റം’. തിരുവനന്തപുരത്തും മറ്റു ചില സ്ഥലങ്ങളിലുമാണ് സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിത്തുടങ്ങിയത്.

ബസുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ബന്ധിതരാക്കരുതെന്ന് തിങ്കളാഴ്ച രാവിലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ, സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടാന്‍ ആര്‍.ടി.ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബസ് ഉടമകള്‍ക്കിടയിലുള്ള ഭിന്നതയും സമരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സമരത്തിന്‍െറ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി മികച്ച ലാഭമാണ് നേടുന്നത്.

ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഞായറാഴ്ച നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അനുവദിക്കാതെ വന്നതോടെ സമരം തുടരുമെന്ന പ്രഖ്യാപനം ബസ് ഉടമകള്‍ നടത്തുകയും ചെയ്തു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സമരക്കാര്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.