നരേന്ദ്ര മോദിക്ക് ‘മുറിയില്ലെന്ന്’ മൈസൂരുവിലെ പ്രശസ്ത ഹോട്ടല്‍

single-img
19 February 2018


മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘നോ’ പറഞ്ഞ് മൈസൂരുവിലെ പ്രശസ്തമായ ലളിത മഹല്‍ പാലസ് ഹോട്ടല്‍. മോദിക്കും സംഘത്തിനും വേണ്ടി മുറികള്‍ ബുക്ക് ചെയ്യാന്‍ വന്ന സംഘത്തിനാണ് ഇവിടെ നിന്ന് നിരാശരായി മടങ്ങേണ്ടിവന്നത്. ഒരു വിവാഹ റിസപ്ഷന് വേണ്ടി മുറികള്‍ ഭൂരിഭാഗവും ബുക്ക് ചെയ്ത്പോയതിനാലാണ് മോദിക്ക് മുറി കിട്ടാതെ വന്നത്. തുടര്‍ന്ന് ജില്ല അധികാരികള്‍ പ്രധാനമന്ത്രിക്കായി നഗരത്തിലെ മറ്റൊരു പ്രമുഖ ഹോട്ടലില്‍ മുറി ശരിയാക്കി.

ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലിലെത്തിയതെന്ന് ജനറല്‍ മാനേജര്‍ ജോസഫ് മത്തിയാസ് പറഞ്ഞു. മൂന്നു മുറികള്‍ മാത്രം ഉണ്ടായിരുന്നത് സുരക്ഷകാരണങ്ങളാല്‍ മതിയാകുമായിരുന്നില്ല. തുടര്‍ന്ന് റാഡിസണ്‍ ബ്ളൂ ഹോട്ടലിലാണ് മോദിയും സംഘവും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും തങ്ങിയത്. അവിടെയും ഒരു ബിസിനസുകാരന്‍െറ കുടുംബത്തിനോട് വിവാഹ റിസപ്ഷന്‍െറ സമയം നേരത്തെയാക്കാന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ജൈനമതത്തിന്‍െറ തീര്‍ഥാടന കേന്ദ്രമായ ശ്രാവണബലഗോള സന്ദര്‍ശിക്കുന്നതിനായാണ് ഞായറാഴ്ച മോദിയും സംഘവും മൈസൂരുവിലെത്തിയത്. ദക്ഷിണപശ്ചിമ റെയില്‍വേയുടെ ഒരു പരിപാടിയിലും നിയസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിലും മോദി പങ്കെടുത്തു.