വേട്ടക്കാരനെ സിംഹങ്ങള്‍ ഭക്ഷണമാക്കി; അവശേഷിച്ചത് തലയുടെ ഭാഗം മാത്രം

single-img
19 February 2018

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. മൊസാമ്പിക് സ്വദേശിയായ ഡേവിഡ് ബാലോയിയാണ് സിംഹങ്ങളുടെ ആക്രമണത്തിനിരയായത്. മൃതദേഹാവശിഷ്ടങ്ങളുടെ സമീപത്ത് നിന്നും തോക്കും വെടിക്കോപ്പുകളും കണ്ടെത്തി. അമ്പതുകാരനായ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 2 പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നോ നാലോ സിംഹങ്ങള്‍ കൂട്ടമായി ഇയാളെ അക്രമിച്ചിരിക്കാനാണ് സാധ്യതയെന്ന് വനപാലകര്‍ അനുമാനിക്കുന്നു. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നതെന്നും അപ്രതീക്ഷിതമായാവാം സിംഹങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇവര്‍ വിശദീകരിക്കുന്നു.

ദക്ഷിണാഫ്രിക്കയില്‍ സിംഹവേട്ട അനുവദിക്കുന്ന ഗെയിംപാര്‍ക്കുകള്‍ നിരവധിയുണ്ട്. സിംഹത്തിന്റെ പല്ലുകള്‍ക്കും, കാല്‍പ്പാദങ്ങള്‍ക്കും വേണ്ടി പ്രാദേശിക വേട്ടക്കാരും ധാരാളമായി വേട്ടക്കിറങ്ങുന്നുണ്ട്. സിംഹങ്ങളുടെ പല്ലും, കാല്‍പ്പാദങ്ങളും ചൈനയില്‍ വ്യാപകമായി മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ കയറ്റുമതിക്ക് ദക്ഷിണാഫ്രിക്കയില്‍ നിരോധനമുണ്ടെങ്കിലും അനധികൃത കള്ളക്കടത്ത് നിര്‍ലോഭം നടക്കുന്നുണ്ട്.