അന്താരാഷ്ട്ര കള്ളക്കടത്ത്: കോഴിക്കോട് പിടികൂടിയത് 22 കോടിയുടെ ഉല്‍പ്പന്നങ്ങള്‍; കസ്റ്റംസ് പരിശോധന ശക്തം

single-img
19 February 2018

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും വിധത്തിലുള്ള കള്ളക്കടത്ത് തടയാന്‍ കസ്റ്റംസ് പരിശോധന ശക്തമാക്കി. 11 മാസത്തിനിടെ 22 കോടിയിലധികം രൂപ വിലവരുന്ന വസ്തുക്കളാണ് കോഴിക്കോട് ഡിവിഷനില്‍ നിന്നും മാത്രം കസ്റ്റംസിന്റെ പ്രിവന്റീവ് ഡിവിഷന്‍, എയര്‍പോര്‍ട്ട് ഇന്റലിജന്‍സ്, എയര്‍ കാര്‍ഗോ കോംപ്ലക്‌സ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയത്.

2017 മാര്‍ച്ച് മുതല്‍ 2018 ഫെബ്രുവരി വരെ 128 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണം, വിദേശപണം, കുങ്കുമപ്പൂ, കഞ്ചാവ്, പുകയില ഉത്പന്നങ്ങള്‍, കച്ചവടത്തിനായി നികുതി വെട്ടിച്ചു കൊണ്ടുവരുന്ന വസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സാധനങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ടാണ്. 133 കേസുകളാണ് ഇപ്രകാരം കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. 24,93,748 രൂപയുടെ വസ്തുക്കളാണ് ഇപ്രകാരം കൊണ്ടുവന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 128 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 66,825 കിലോഗ്രാം തൂക്കം വരുന്ന 18,44,85,634 രൂപയുടെ സ്വര്‍ണമാണ് 11 മാസത്തിനിടെ കസ്റ്റംസ് പിടികൂടിയത്. കുങ്കുമപ്പൂ കടത്തിയതുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1,20,42,262 രൂപ വിലമതിക്കുന്നതാണ് കുങ്കുമപ്പൂ. 25,000 രൂപയുടെ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കഞ്ചാവ് കടത്തിയതിനു ഒരു കേസാണ് ഇതുവരേയും രജിസ്റ്റര്‍ ചെയ്തത്. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടു 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

47,58,775 രൂപയുടെ പുകയില ഉത്പന്നങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് വിദേശ കറന്‍സികള്‍ കൊണ്ടുവന്നതിനാണ്. 2,23,14,493 രൂപാ മൂല്യമുള്ള വിദേശ കറന്‍സികളാണ് അനധികൃതമായി കൊണ്ടുവന്നത്.