രാഷ്ട്രീയ പിന്തുണ തേടി കമല്‍ ഹാസന്‍ വിജയകാന്തിനെ കണ്ടു

single-img
19 February 2018


ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ പോകുന്ന തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ് കമല്‍ വിജയകാന്തിനെ കണ്ടത്.

ഇന്നലെ കമല്‍ ഹാസന്‍ നടന്‍ രജനികാന്തിനെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചക്കിടെ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്ന രാമേശ്വരത്തേക്ക് രജനിയെ കമല്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടു പേര്‍ക്കും അഭിനയം പോലെ തന്നെ രാഷ്ട്രീയത്തിലും രണ്ടു വഴിയാണെന്നാണ് രജനി പ്രതികരിച്ചത്.

ഈ മാസം 21നാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ നിന്ന് രാഷ്ട്രീയ യാത്ര കമല്‍ ഹാസന്‍ ആരംഭിക്കുക. യാത്രയുടെ ഭാഗമായി എ.പി.ജെ അബ്ദുല്‍കലാം സ്‌കൂള്‍ സന്ദര്‍ശിക്കുന്ന കമല്‍, രാമേശ്വരത്തെ ഗണേഷ് മഹലില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.

കൂടാതെ, കലാം സ്മാരകവും സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് മധുരയിലേക്കുള്ള യാത്രാമധ്യേ രാമനാഥപുരം കൊട്ടാരം, പരമക്കുടി ലെനാ മഹല്‍, മാനമധുര എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ കമല്‍ പെങ്കടുക്കും. വൈകീട്ട് അഞ്ച് മണിക്ക് മധുരയില്‍ കാര്‍ഷിക സര്‍വകലാശാലക്കു സമീപത്തെ ഒത്തക്കട മൈതാനത്ത് പതാക ഉയര്‍ത്തിയ ശേഷം പാര്‍ട്ടി പ്രഖ്യാപന സമ്മേളനം തുടങ്ങും.