ഇമ്രാന്‍ ഖാന് മൂന്നാം മാംഗല്യം

single-img
19 February 2018


കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പ്രമുഖ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ഇമ്രാന്‍ അധ്യക്ഷനായ പാകിസ്ഥാന്‍ തെഹ്രീക് -ഇ-ഇന്‍സാഫ്(പി.ടി.ഐ) പാര്‍ട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്‍െറ ആത്മീയ മാര്‍ഗദര്‍ശി കൂടിയായ ബുഷ്റ റിയാസ് വാട്ടു എന്ന വനിതയെയാണ് ഇമ്രാന്‍ വരിച്ചത്. ഇമ്രാനും ഭാര്യക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് പി.ടി.ഐ ട്വിറ്ററിലൂടെ വിവാഹക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. നവദമ്പതികളുടെ ചിത്രങ്ങളും പാര്‍ട്ടി പുറത്തുവിട്ടു. ഞായറാഴ്ച ലാഹോറിലാണ് വിവാഹം നടന്നതെന്ന് ഇമ്രാന്‍ ഖാന്‍െറ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

വാട്ടു ഗോത്രക്കാരിയായ ബുഷ്റ, പഞ്ചാബില്‍ നിന്നുള്ള പീര്‍(ആത്മീയ ഗുരു) ആണ്. ഇസ്ളാമാബാദില്‍ കസ്റ്റംസ് ഓഫീസറായ ഖവാര്‍ ഫരീദ് മനേക എന്നയാളുമായുള്ള ആദ്യ വിവാഹത്തില്‍ മൂന്നു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ആത്മീയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വേണ്ടി കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്‍ ബുഷ്റയെ പരിചയപ്പെട്ടതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാന്‍ മൂന്നാമതും വിവാഹിതനായി എന്ന വാര്‍ത്ത ജനുവരിയില്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പി.ടി.ഐ ഇത് നിഷേധിച്ചു. ബുഷ്റ ബീബി എന്ന വനിതയോട് ഇമ്രാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് പിന്നീട് പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് വിവാഹം കഴിഞ്ഞെന്നാണ് നേരത്തെ വാര്‍ത്ത വന്നത്. ഇതില്‍ ഉറച്ചുനില്‍ക്കുന്നതായി വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
ജെമീമ ഖാനാണ് ഇമ്രാന്‍ ഖാന്‍െറ ആദ്യ ഭാര്യ. 1995 ല്‍ നടന്ന വിവാഹം 2004 ല്‍ പിരിഞ്ഞു. 2015ല്‍ ടിവി അവതാരക രെഹം ഖാനുമായുള്ള വിവാഹം 10 മാസം മാത്രമാണ് നീണ്ടത്.