അഞ്ഞൂറിലധികം ഗണപതിരൂപങ്ങള്‍: കൗതുകമുണര്‍ത്തി അബുദാബിയിലെ പ്രവാസി യുവാവ്

single-img
19 February 2018

അബുദാബി: അഞ്ഞൂറിലധികം ഗണപതിരൂപങ്ങള്‍ ശേഖരിച്ചു കൗതുകമുണര്‍ത്തുകയാണ് അബുദാബിയിലെ പത്തനംതിട്ട സ്വദേശി സന്ദീപ്. തന്റെ ഇഷ്ട ദൈവമായ ഗണപതിയോടുള്ള ആരാധനയാണ് കടല്‍ കടന്നിട്ടും സന്ദീപ് ഈ ശേഖരത്തിലൂടെ തുറന്നു കാട്ടുന്നത്.

തന്റെ തടസ്സങ്ങള്‍ എല്ലാം മാറ്റി തന്ന ഇഷ്ട ദൈവമായ ഗണപതിയുടെ വിവിധ രൂപത്തിലും, വലിപ്പത്തിലുമുള്ള അപൂര്‍വ ശേഖരമാണ് സന്ദീപിനോടൊപ്പമുള്ളത്. ഒറ്റ കരിങ്കല്ലില്‍ നിര്‍മിച്ച ഗണപതി, ചന്ദന തടിയില്‍ നിര്‍മ്മിച്ചത്, ശിവന്റെ നടരാജ വിഗ്രഹം പോലെ ഉള്ള ഗണപതി രൂപമെല്ലാം സന്ദീപിന്റെ ശേഖരത്തെ സമ്പന്നമാക്കുന്നു.

മണല്‍ കൊണ്ട് നിര്‍മ്മിച്ചതും, അടയ്ക്ക കൊണ്ടുള്ള കുഞ്ഞന്‍ ഗണപതിയുമെല്ലാം ഏറെ കൗതുകം സമ്മാനിക്കുന്നതാണ്. സാധാരണയായി ഗണപതിയുടെ രൂപത്തില്‍ ഇടതു വശത്തേക്കാണ് തുമ്പിക്കൈയുടെ സ്ഥാനം. എന്നാല്‍ തുമ്പിക്കൈ വലത്തോട്ടുള്ള രൂപങ്ങളും സന്ദീപിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

അഞ്ചു വര്‍ഷം മുന്‍പ് അബുദാബിയിലേക്ക് പറക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് സന്ദീപിന്റെ അമ്മ സമ്മാനിച്ച ഒരു ഗണപതി രൂപം മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ഈജിപ്ത്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും അപ്പൂര്‍വ്വമായ അഞ്ഞൂറോളം ശേഖരമാണ് സന്ദീപിന്റെ കൈവശമുള്ളത്.

പൂര്‍ണ്ണ പിന്തുണയുമായി സന്ദീപിന്റെ സുഹൃത്തുക്കളും കൂടെ ഉണ്ട്. ഈ വിനോദത്തെ കുറിച്ച് അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഗണപതി രൂപങ്ങളാണ് സന്ദീപിന് സമ്മാനമായി നല്‍കാറുള്ളത്. അബുദാബി അഹല്യ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ് സന്ദീപ്. വ്യത്യസ്തങ്ങളായ ഗണപതിയുടെ രൂപം എവിടെ കണ്ടാലും എന്ത് വില കൊടുത്തും സന്ദീപ് സ്വന്തമാക്കും. പറ്റുന്നിടത്തോളം ശേഖരിക്കുക തന്നെയാണ് സന്ദീപിന്റെ ലക്ഷ്യം.