ബോട്ടുടമകളുടെ സമരം: മീന്‍ വില ഇനിയും കൂടും

single-img
19 February 2018

ബോട്ടുടമകളുടെ സമരം നീളുന്നതിനാല്‍ മത്സ്യബന്ധനമേഖല നിശ്ചലാവസ്ഥയില്‍ തുടരുന്നു. സംസ്ഥാനത്തെ ഏകദേശം മൂവായിരത്തി എണ്ണൂറോളം ബോട്ടുകളാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ബോട്ടുടമകളുടെ സമരം കാരണം സര്‍ക്കാരിന് ഡീസല്‍ നികുതിയിനത്തില്‍ കിട്ടേണ്ട വരുമാനവും നിലച്ചിരിക്കുയാണ്.

അതിനിടെ ബോട്ടുടമകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ചെറുമത്സ്യങ്ങളുടെ വില ഇരട്ടിയായി. സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങളായ മത്തിക്കും അയലക്കുമാണ് വില കൂടിയത്. വലിയ മത്സ്യങ്ങള്‍ക്കും നല്ല ക്ഷാമമാണ് ഉള്ളത്.

ഒരാഴ്ച മുന്‍പ് 40 രൂപക്ക് ലഭിച്ചിരുന്ന മത്തി ലഭിക്കാന്‍ 80 രൂപ നല്‍കണം. 100 രൂപക്ക് വിറ്റിരുന്ന അയലയുടെ വില 140 രൂപ മുതല്‍ 160 രൂപ വരെയാണ്. പരമ്പരാഗത മത്സ്യതൊഴിലാളികളില്‍ നിന്നാണ് ഈ മത്സ്യം കച്ചവടക്കാര്‍ വാങ്ങുന്നത്.

ബോട്ടുടമകളുടെ സമരം തുടര്‍ന്നതോടെ വലിയ മീനുകളുടെ വരവ് കുറഞ്ഞു. ആവോലിയും അയക്കൂറയുമെല്ലാം ആന്ധ്രയിലും ഗോവയിലും നിന്നുമാണെത്തുന്നത്. സമരം നീളുകയാണെങ്കില്‍ മത്സ്യവിപണന മേഖലയിലെ വില വര്‍ദ്ധനവിനും പ്രതിസന്ധിക്കും കാരണമാകും.