ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രിയെ പൂര്‍ണമായി അവഗണിച്ച് മോദി: കാരണം വ്യക്തിവിരോധം?

single-img
19 February 2018

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂവിന് കേന്ദ്രത്തിന്റെ അവഗണന. പ്രോട്ടോകോള്‍ പോലും മാറ്റിവെച്ച് പ്രധാനമന്ത്രിമാരെ എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കാറുള്ള മോദി ട്രുഡ്യൂവിനെ സ്വീകരിക്കാനെത്തിയില്ല. ലോകനേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മോദി, ഇന്ത്യയില്‍ അവരെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് വിമാനത്താവളത്തില്‍ നേരിട്ട് ചെന്ന് സ്വീകരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

മാത്രമല്ല, മോദിയുടെ ആശ്‌ളേഷ നയതന്ത്രം ഏറെ ശ്രദ്ധയും അതോടൊപ്പം പ്രതിപക്ഷത്തിന്റെ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുള്ളതാണ്. ലോക നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് ട്വിറ്ററില്‍ മോദി അവര്‍ക്ക് സ്വാഗതവും ആശംസിക്കാറുണ്ട്. ഇത്തവണ അതും ഉണ്ടായില്ല.

ശനിയാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ജസ്റ്റിന്‍ ട്രൂഡിനെ മോദിക്ക് പകരം കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് സ്വീകരിച്ചത്. 2016ല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കുമ്പോള്‍ കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂ മോദി സര്‍ക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളതിനെക്കാള്‍ സിഖ് പ്രാതിനിധ്യം തന്റെ മന്ത്രിസഭയിലാണെന്നാണ് കനേഡിയന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. ഇതാണ് ജസ്റ്റിന്‍ ട്രൂഡിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അവഗണനയുണ്ടാകാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഇന്നലെ ട്രൂഡും കുടുംബവും ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എത്തിയിരുന്നു. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയില്ല. പിന്നീട് ട്രൂഡും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ന് നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ സബര്‍മതി ആശ്രമം ട്രൂഡ് സന്ദര്‍ശിച്ചു.

അപ്പോഴും മോദിയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഈ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ മോദി ഇവര്‍ക്കൊപ്പം അവസാനം വരെ ഉണ്ടായിരുന്നു.

നേതാക്കളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി റോഡ്‌ഷോയും മോദി നടത്തിയിരുന്നു. അതേസമയം, ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുകയാണ് മോദിയിപ്പോള്‍. അതിനാലാണ് ട്രൂഡിനൊപ്പം ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.