സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍; പെര്‍മിറ്റ് റദ്ദാക്കാന്‍ നീക്കം

single-img
19 February 2018


തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബസുടമകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട് പോവുന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമരം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

മതിയായ കാരണമില്ലാതെ ബസുകള്‍ ട്രിപ്പ് മുടക്കിയാല്‍ ബസ് പിടിച്ചെടുക്കാനും സമാന്തര സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നത് അടക്കമുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങും. ഇന്നലെ നടന്ന ചര്‍ച്ചയിലും വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും 24 വയസ് പരിധി വയ്ക്കണമെന്നുള്ള ബസുടമകളുടെ ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു. അതിനിടെ സമരം നടത്തുന്ന ബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതിന് പിന്നാലെ പലയിടത്തും ബസുകള്‍ നിരത്തിലിറങ്ങി തുടങ്ങി.

തലസ്ഥാന നഗരത്തില്‍ ചില സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തി. കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും ഇന്ന് നാല് സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങി. എന്നാല്‍, വിവിധ യൂണിനുകളില്‍ നിന്നായി 850 ഓളം ബസ് സര്‍വീസുകള്‍ കോട്ടയത്തുണ്ടെന്നും ഇവരില്‍ മൂന്നോ നാലോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.