ഷുഹൈബ് കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി: ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി എസ്പി

single-img
19 February 2018

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല.

അന്വേഷണം ശരിയായ നിലയിലാണെന്നും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. പോലീസുകാരില്‍ ചിലര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ കണ്ണൂര്‍ എസ്പിയാണ് ഗുരുത ആരോപണങ്ങളുമായി രംഗത്തെത്തിയത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. അതേസമയം, നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വിലയിരുത്തി.

ഈമാസം പന്ത്രണ്ടിനാണ് എടയന്നൂരില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇനി പിടികൂടാനുള്ളവരില്‍ രണ്ടുപേര്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാക്കന്മാരാണെന്നും നിലവില്‍ അറസ്റ്റിലായ ആകാശ്, റിജിന്‍ എന്നിവരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. അക്രമത്തിലേക്ക് നയിച്ചത് നേരത്തെയുണ്ടായ സംഘര്‍ഷങ്ങള്‍. ഷുഹൈബ് അക്രമിക്കപ്പെടുമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നു. കൊല്ലാനായിരുന്നില്ല കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷനെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

ഇന്നലെ അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതികള്‍ക്കായി സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്.