അമല പോളിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്ന് ബ്ലെസി

single-img
19 February 2018

ബെന്യാമിന്റെ ആടുജീവിതം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. തുടക്കത്തില്‍ വിക്രം നായകനാകുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ നജീബായി എത്തുമെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി.

ഇപ്പോഴിതാ നജീബിന്റെ ഭാര്യ സൈനുവായി അമലപോള്‍ വെള്ളിത്തിരയിലെത്തുമെന്ന് സംവിധായകന്‍ ബ്ലെസി വ്യക്തമാക്കുന്നു. മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത നടിയാണ് അമല. അവര്‍ അഭിനയിച്ചിട്ടുള്ള സിനിമകളില്‍ അഭിനയ പ്രാധാന്യമുള്ളതായി തോന്നിയിട്ടുള്ള സിനിമ രാജേഷ് പിള്ളയുടെ ‘ മിലി’ മാത്രമാണ്.

സൈനുവിന്റെ റോള്‍ അമലയുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും ബ്ലെസി വ്യക്തമാക്കി. സൈനുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ചിത്രത്തിലുണ്ടാകും. അമല നേരത്തെ ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ആടുജീവിതത്തിലെ സൈനു.

ഒരുപാട് പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമാണ്. വിവിധ ഭാവങ്ങള്‍ തന്റെ വിടര്‍ന്ന കണ്ണുകളിലൂടെ പ്രകടിപ്പിക്കാന്‍ അമലയ്ക്ക കഴിയുമെന്നും ബ്ലെസി പറയുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. കേരളത്തിലെ ഷൂട്ടിംഗിന് ശേഷം രാജസ്ഥാന്‍, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ചിത്രീകരിക്കും.

കഥ പുരോഗമിക്കുന്നതിനുസരിച്ചാകും ചിത്രീകരണവും. നജീബിന്റെയും സൈനുവിന്റെയും ജീവിതവും, നജീബ് സൗദിയിലേക്ക് യാത്ര തിരിക്കുന്നത് വരെയാകും ആദ്യ ഷെഡ്യൂളുകളില്‍ ചിത്രീകരിക്കുക. ബാക്കി ഭാഗങ്ങള്‍ക്കായി പൃഥ്വിരാജ് ശാരീരികമായി തയ്യാറാകുന്നതോടെ ചിത്രീകരണം തുടങ്ങും.

ചിത്രത്തിനായി പൃഥ്വി ഒന്നരവര്‍ഷമാണ് മാറ്റിവെയ്ക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണ ജോലികള്‍ ആരംഭിക്കും.