വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി; ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ല

single-img
18 February 2018

ഭോപ്പാല്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഒരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി 24ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധരാ രാജ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ നിങ്ങള്‍ ഇനിയും പിന്നാക്കം പോകുമെന്ന് രാജെ ഭീഷണിപ്പെടുത്തുന്നു. നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആണ് വിജയിപ്പിക്കുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളുമായി അയാള്‍ തന്റെ പക്കല്‍ എത്തുമ്പോള്‍ താന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കില്ല.

മന്ത്രി താനാണ്. തന്റെ മന്ത്രിസഭ അയാളുടെ ഒരു കാര്യവും ചെയ്തുകൊടുക്കില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തി. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാതിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

അടുത്തിടെ ചില മണ്ഡലങ്ങളില്‍ ഗ്യാസ് സ്റ്റൗ വിതരണം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് കൊണ്ട് അത് നിങ്ങള്‍ക്ക് കിട്ടിയില്ല. അത് ബി.ജെ.പിക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എയുടെ മണ്ഡലത്തില്‍ എന്തിനാണ് ഇത്തരം സേവനങ്ങള്‍ കൊടുക്കുന്നതെന്ന് ഞങ്ങള്‍ സ്വാഭാവികമായും ചിന്തിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് ചെയ്യണമെന്നും രാജ പറഞ്ഞു. സിന്ധ്യയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിന്ധ്യ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോലാറസ്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഈ സീറ്റ് കോണ്‍ഗ്രസ് ആണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രചാരണം. സിന്ധ്യയെ നേരിടാനാണ് ബി.ജെ.പി യശോദര രാജെ സിന്ധ്യയെ പ്രചാരണത്തിനിറക്കിയത്.