ഷുഹൈബ് വധക്കേസ്: കീഴടങ്ങിയവര്‍ പ്രതികളല്ലെന്ന് കോടിയേരി

single-img
18 February 2018


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതക കേസില്‍ പോലീസില്‍ കീഴടങ്ങിയവര്‍ പ്രതികളല്ലെന്ന് സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. പോലീസിന്‍െറ ശല്യം സഹിക്കാന്‍ കഴിയാതെയാണ് രണ്ട് പേരും കീഴടങ്ങിയതെന്നും ഇതിന് കാരണമായ സാഹചര്യം പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പോലീസില്‍ ഇന്ന് കീഴടങ്ങിയത്. ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ഷുഹൈബിന്‍െറ പിതാവ് മുഹമ്മദും ആരോപണമുന്നയിച്ചു. കീഴടങ്ങിയവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഇവര്‍ പ്രതികളാണോ എന്നത് സംശയമാണെന്നും പറഞ്ഞ അദ്ദേഹം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം, കീഴടങ്ങിയവരുടെ അറസ്റ്റ് തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്താനാണ് സാധ്യത.