ശുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി: യഥാര്‍ത്ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കെ.സുധാകരന്‍

single-img
18 February 2018

മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആര്‍എസ്എസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചിരുന്നു. അതേസമയം ഇപ്പോള്‍ കീഴടങ്ങിയ പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് എന്ത് ഉറപ്പുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ ചോദിച്ചു.

ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇപ്പോള്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയേയും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. വലിയ അക്രമമാണ് കണ്ണൂരില്‍ ഉണ്ടായത്. എന്നിട്ടും സമാധാന യോഗം വിളിക്കാന്‍ കളക്ടര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനുള്ള തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരില്‍ പലപ്പോഴും രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ മുന്‍ സര്‍ക്കാര്‍ സമാധാന യോഗം വിളിക്കുമായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. സംഘര്‍ഷത്തിന് അയവ് വരുത്തേണ്ട സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം, കേസിലെ പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം പ്രതികരിച്ചു.