സൗദിയിലെ പ്രധാന ഹൈവേകളില്‍ വേഗപരിധി 140 കിലോമീറ്ററാക്കി ഉയര്‍ത്തി

single-img
18 February 2018

സൗദിയിലെ പ്രധാന ഹൈവേകളിലെ കൂടിയ വേഗത പുനര്‍നിര്‍ണയിച്ചുകൊണ്ട് റോഡ് സുരക്ഷ വിഭാഗമാണ് വിജ്ഞാപനമിറക്കിയത്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്നത് ചെറുവാഹനങ്ങള്‍ക്ക് 140 കിലോമീറ്ററാക്കി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം.

ട്രക്കുകള്‍ക്ക് 80, ബസുകള്‍ക്ക് 100 എന്നിങ്ങിനെയും വേഗത മാറ്റി. രാജ്യത്തെ പ്രധാന ഹൈവേകളില്‍ എട്ട് ലൈനുകളില്‍ മാത്രമാണ് വേഗ പരിധി വര്‍ധിപ്പിച്ചിട്ടുള്ളത്. റിയാദ്താഇഫ്, റിയാദ്അല്‍ഖസീം, മക്കമദീന, ജിദ്ദമദീന എന്നീ അതിവേഗ ഹൈവേകളിലും തിരിച്ചുമുള്ള റൂട്ടിലാണ് വേഗ പരിധി വര്‍ധിപ്പിച്ചത്.

റിയാദില്‍ നിന്ന് താഇഫിലേക്കുള്ള ഹൈവേയില്‍ ദുര്‍മയിലെ എക്‌സിറ്റ് അഞ്ചില്‍ നിന്നാരംഭിച്ച് താഇഫിനടുത്ത് എക്‌സിറ്റ് 54 അശീറ വരെയും ഇതേ റൂട്ടില്‍ ഈ പരിധിക്കിടിയിലുമാണ് പുതിയ വേഗത അനുവദിച്ചിട്ടുള്ളത്. ഇരു ഭാഗത്തും നഗരത്തോടടുക്കുന്ന വേളയില്‍ വേഗത പരിധി വീണ്ടും കുറയും.

മക്ക-മദീന ഹൈവേയില്‍ ബുറൈമാന്‍ പാലത്തില്‍ നിന്ന് എക്‌സിറ്റ് എട്ട് വരെയും, മദീന-ജിദ്ദ ഹൈവേയില്‍ എക്‌സിറ്റ് എട്ട് മുതല്‍ ദഹ്ബാനിലെ എക്‌സിറ്റ് 35 വരെയും കൂടിയ വേഗത അനുവദിക്കും. പൊതുസുരക്ഷ വകുപ്പിന് കീഴിലെ റോഡ് സുരക്ഷ വിഭാഗം വേഗപരിധി കാണിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.