കമല്‍ രജനിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി: രാഷ്ട്രീയത്തില്‍ ഇരുവര്‍ക്കും തനീവഴി !

single-img
18 February 2018

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്തും കമലഹാസനും ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ രജനികാന്തിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹൃദസന്ദര്‍ശനം മാത്രമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

താനും രജനീയും അടുത്ത സുഹൃത്തുക്കളാണ്. മാധ്യമങ്ങള്‍ക്ക് ഒരു പക്ഷേ കൂടിക്കാഴ്ചയില്‍ പുതുമ തോന്നിയേക്കാം. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്‍പ് അടുത്ത സുഹൃത്തിനെ കണ്ടു എന്നുമാത്രമേ ഉള്ളുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇരുപത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു.

മാധ്യമങ്ങളെ കണ്ട രജനീകാന്ത് ഉലകനായകനെ വാനോളം പുകഴ്ത്തി. പണവും അധികാരവുമല്ല കമലിന്റെ ലക്ഷ്യമെന്നും ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനത്തിന് ആശംസകള്‍ നേരുന്നുവെന്നും സ്‌റ്റൈല്‍ മന്നന്‍ പറഞ്ഞു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നല്‍കുമെന്നാണ് ഇരുവരും ആവര്‍ത്തിക്കുന്നത്.

കമലിന്റെ രാഷ്ട്രീയ പ്രവേശനം വിജയമാകാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നതായും രജനീകാന്ത് വ്യക്തമാക്കി. ബുധനാഴ്ച കമല്‍ ഹാസന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം രാമനാഥപുരത്താണു കമല്‍ ഹാസന്റെ ആദ്യ പൊതുയോഗം നടക്കുക.

ശേഷം പരമക്കുടിയിലും മനമാധുരൈയിലും അദ്ദേഹം ജനങ്ങളെക്കാണും. പിന്നീട് മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തും. അതിനു മുന്നോടിയായി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വസതിയും അദ്ദേഹം പഠിച്ച സ്‌കൂളിലും കമല്‍ ഹാസന്‍ സന്ദര്‍ശനം നടത്തും. കലാം സ്വപ്നം കണ്ട പോലുള്ള തമിഴ്‌നാട് രൂപീകരിക്കുകയാണു ലക്ഷ്യമെന്ന് കമല്‍ ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.