മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; സ്വകാര്യ ബസ് സമരം തുടരും

single-img
18 February 2018


കോഴിക്കോട്: സംസ്ഥാനത്ത് മൂന്നു ദിവസം പിന്നിട്ട സ്വകാര്യ ബസ് സമരം തുടരും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുമെന്ന് അറിയിപ്പ് വന്നത്. കോഴിക്കോട് ഗസ്റ്റ്ഹൗസിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കാനാകില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയമായത്. തീരുമാനം മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന് ബസ് ഉടമകളും വ്യക്തമാക്കി.

നിലവില്‍ കുറഞ്ഞ നിരക്ക് എട്ട് രൂപയാക്കിയത് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ചാണെന്നും വീണ്ടും വര്‍ധിപ്പിക്കണമെങ്കില്‍ പുതിയ കമ്മീഷനെ വെക്കാമെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. പ്രധാന വിഷയങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഒരു രൂപയുടെ മിനിമം ചാര്‍ജ് വര്‍ധനവ് തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ ബസ് ഉടമകള്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ബസ് ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഫെബ്രുവരി 16 നാണ് സമരം തുടങ്ങിയത്.

അതേസമയം, ചര്‍ച്ച തുടങ്ങിയതിന് ശേഷം എത്തിച്ചേര്‍ന്ന യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ല എന്നാരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലീസും മറ്റ് യൂണിയന്‍ ഭാരവാഹികളും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വിദ്യാര്‍ഥികളുടെ നിരക്കിളവ് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധപ്രകടനം നടത്തി.