ടെഹ്‌റാനില്‍ വിമാനം തകര്‍ന്നു വീണു; യാത്രക്കാരെല്ലാരും കൊല്ലപ്പെട്ടു

single-img
18 February 2018

ഇറാനില്‍ യാത്രാ വിമാനം പര്‍വത മേഖലയില്‍ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സാഗ്രോസ് പര്‍വത നിരയിലാണ് ആസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണത്.

വിമാനത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന എടിആര്‍ 72 വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

വിദൂര മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. പര്‍വതമേഖലയായതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെ നേരിട്ടെത്താനും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

ടെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസിമന്‍ എയര്‍ലൈന്‍സ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ്. ടെഹ്‌റാന്‍–യാസൂജ് മേഖലയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാന കമ്പനിയും ഇവരാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു.