അപമാനകരമായ പേരുകള്‍ മാറ്റാന്‍ ഒരുങ്ങി ഗ്രാമങ്ങള്‍

single-img
18 February 2018

സമൂഹത്തിനെയോ സമുദായങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പേരുകള്‍ വഹിക്കുന്ന ഗ്രാമങ്ങളുടെ പേര് മാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം ലഭിച്ച 30 അപേക്ഷകള്‍ക്ക് ആഭ്യന്തരമന്ത്രാലയം അംഗീകാരം നല്‍കുകയും ചെയ്തു.

പേര് മാറ്റണമെന്ന അപേക്ഷ പ്രാദേശിക ഭരണകൂടം സംസ്ഥാന സര്‍ക്കാരിനാണ് ആദ്യം അയക്കേണ്ടത്. ജനവികാരം കൂടി കണക്കിലെടുത്ത ശേഷമേ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ കേന്ദ്രത്തിലേക്ക് അയക്കൂ. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പേര് മാറ്റത്തിന് അപേക്ഷ നല്‍കിയത്.

ഇതില്‍ 21 അപേക്ഷകള്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. 9 എണ്ണം പരിശോധനയിലാണ്. സ്ത്രീകളെയും പട്ടിക ജാതിക്കാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും അപമാനിക്കുന്ന തരത്തിലുള്ള പേരുകളുള്ള ചില ഗ്രാമങ്ങളുണ്ട്. ഇവ മാറ്റാന്‍ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.