രാഷ്ട്രഭക്തിക്കായി സ്വയം സമര്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് മോദി: പിഎന്‍ബി തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് മൗനം

single-img
18 February 2018

പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്നും മൗനം. വാര്‍ത്ത പുറത്തുവന്ന ശേഷം പ്രധാനമന്ത്രി ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഡല്‍ഹിയിലെ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

കോടികളുടെ വായ്പാ തട്ടിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം രാഷ്ട്രഭക്തിക്കായി സ്വയം സമര്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാട്ടി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങിയ നേതാക്കളുടെ ആശീര്‍വാദത്തോടെ തുടങ്ങിയ യാത്രയാണ് ബിജെപിയുടെതെന്ന് അദ്ദേഹം പറഞ്ഞു.

ഒരുപാട് പ്രവര്‍ത്തകര്‍ ജീവന്‍ സമര്‍പ്പിച്ചും വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണിത്. സ്വാതന്ത്രത്തിനു ശേഷമുള്ള എല്ലാ ജനകീയ മുന്നേറ്റങ്ങളുടെ മുന്‍നിരയിലും ജനസംഘത്തിന്റെയും ബിജെപിയുടേയും നേതാക്കളുണ്ടായിരുന്നു. തികഞ്ഞ ജനാധിപത്യ ബോധമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയെന്നത് അത്ര ബുദ്ധിമുട്ടേറിയ സംഗതിയില്ല. സ്വന്തമായ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും പ്രവര്‍ത്തനരീതികളുമുള്ള ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഒരുപാട് പാര്‍ട്ടികളുള്ളത് സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ സൗന്ദര്യം നല്‍കുന്നതായും മോദി ചൂണ്ടിക്കാട്ടി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.