മാമാങ്കം ഷൂട്ടിങിനിടെ വാള്‍തലപ്പേറ്റ് മമ്മൂട്ടിക്ക് പരിക്ക്

single-img
18 February 2018

മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് വലുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി റീ ഷൂട്ടു ചെയ്യവേയാണ് സംഭവം.

ഒരു മണിക്കൂറോളം പരിക്ക് വകവയ്ക്കാതെ ചിത്രീകരണം തുടര്‍ന്ന താരം അതിനുശേഷം ചികില്‍സ തേടി. പിന്നീട് ഒരു പകല്‍ വിശ്രമിച്ചശേഷമാണ് ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നത്. മുന്‍പ് വടക്കന്‍ വീരഗാഥയുടെ സെറ്റിലും മമ്മൂട്ടിക്ക് വാള്‍പയറ്റിനിടെ പരിക്കേറ്റിരുന്നു.

ഒരാഴ്ച മാത്രം നീളുന്ന ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ അവസാന ഘട്ടത്തിലാണ്. സജീവ് പിള്ളയാണ് ചിത്രത്തിന്റെ രചനയും സംവിധാവും നിര്‍വഹിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകന്‍ കെച്ചയുടെ ശിക്ഷണത്തിലാണ് മാമാങ്കത്തിലെ ആക്ഷന്‍ സീനുകള്‍ ഒരുങ്ങുന്നത്.

ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളാണ് ഒരുങ്ങിയത്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 16മത്തെ നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ കണക്ക് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സാധാരണയായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.