മലപ്പുറത്ത് ഏഴുകോടിയുടെ മയക്കുമരുന്ന് വേട്ട; പത്തുപേര്‍ പിടിയില്‍

single-img
18 February 2018

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 7 കോടി രൂപയുടെ മയക്കു മരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രാജസ്ഥാന്‍ സ്വദേശിയായ വിമുക്തഭടനും മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടും.

ഒരു കോടിയുടെ ബ്രൗണ്‍ ഷുഗര്‍ മഞ്ചേരിയില്‍ നിന്നും, ആറ് കോടിയുടെ വെറ്റമിന്‍ അരീക്കോട് നിന്നുമാണ് പിടിച്ചെടുത്തത്. ഇന്നലെ എറണാകുളം നെടുമ്പാശേരിയ്ക്ക് സമീപം ദേശീയ പാതയില്‍ വച്ച് 30 കോടി രൂപയുടെ മയക്ക് മരുന്ന് എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയിരുന്നു.

ഇതിന് പിന്നാലെയാണ് മലപ്പുറത്ത് നിന്നും വന്‍തോതില്‍ മയക്ക് മരുന്ന് പിടികൂടിയത്. എക്സ്റ്റസി എന്ന പേരിലറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍(എംഡിഎംഎ) എന്ന മയക്കുമരുന്നാണ് ഇന്നലെ പിടികൂടിയത്. ഈ സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായിരുന്നു.

പാലക്കാട് നിന്ന് ട്രോളി ബാഗിന്റെ ഫ്‌ളാപ്പിനുള്ളില്‍ ഒളിപ്പിച്ച് ഗള്‍ഫിലേക്ക് കടത്താന്‍ കൊണ്ടുവരുമ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഈ മാസം 12 നും അരീക്കോട്ട് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന പിടികൂടിയിരുന്നു. നെടുമ്പാശേരിയില്‍ ഇന്നലെ പിടികൂടിയ എംഡിഎംഎ മയക്കുമരുന്നാണ് അന്നും പിടികൂടിയത്.