ജിഗ്‌നേഷ് മേവാനിയെ കാറില്‍നിന്ന് വലിച്ചിറക്കി ഗുജറാത്ത് പൊലീസ് അറസ്റ്റ്‌ചെയ്തു

single-img
18 February 2018


ദളിത് നേതാവും ഗുജറാത്തിലെ എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ്‌ചെയ്തു. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിഗ്‌നേഷിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാലാണ് പൊലീസ് നടപടിയെന്നാണ് വിവരം.

എന്നാല്‍, ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായിയുടെ രക്തസാക്ഷിത്വദിനം ആചരിക്കാനാണ് പ്രവര്‍ത്തകരും എംഎല്‍എയും എത്തിയതെന്നും, കാറില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയാണ് എംഎല്‍എയെ അറസ്റ്റ്‌ചെയ്തതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ജിഗ്‌നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍വിട്ടു.

ജെഎന്‍യുവിലെ മുന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റഷീദ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മേവാനിയുടെ കാറിന്റെ ചാവി പോലീസുകാര്‍ തകര്‍ത്തതായും ഇവര്‍ ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് മേവാനിയെ തടഞ്ഞതെന്ന് പോലീസ് അറിയിച്ചു.