ട്വന്‍റി20: ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

single-img
18 February 2018


ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 28 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 204 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് പ്രകടനവുമായി പ്രോട്ടീസ് ബാറ്റിങ്ങിന്‍െറ നടുവൊടിച്ച പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. അടിച്ചുകളിച്ച ശിഖര്‍ ധവാന്‍െറ അര്‍ധശതകമാണ്(72) മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍ റീസ ഹെന്‍ട്രിക്സ് നേടിയ അര്‍ധശതകം(70) പാഴായി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍െറ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്കോറിന് കരുത്തായത്. ആദ്യ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമായി ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച രോഹിത് ശര്‍മ രണ്ടാം ഓവറില്‍ 21 റണ്‍സുമായി പുറത്തായതിന് പിന്നാലെയാണ് ശിഖര്‍ ധവാന്‍െറ വെടിക്കെട്ട് അരങ്ങേറിയത്. സുരേഷ് റെയ്നയും(ഏഴ് പന്തില്‍ 15 റണ്‍സ്) ക്യാപ്റ്റന്‍ വിരാട് കോലിയും(20 പന്തില്‍ 26 റണ്‍സ്) ഇടക്ക് പോയപ്പോഴും ധവാന് കുലുക്കമൊന്നുമുണ്ടായില്ല. അര്‍ധശതകം കഴിഞ്ഞ് മുന്നേറിയ താരം 15 ഓവറിന് മുമ്പ് ഇന്ത്യന്‍ സ്കോര്‍ 150 കടത്തി. കൂടുതല്‍ അപകടകാരിയാകുന്നതിന് മുമ്പ് അന്‍ഡെല്‍ ഫെഹ്ലുക്വായോ ധവാനെ മടക്കി. 39 പന്ത് മാത്രം നേരിട്ട് 72 റണ്‍സാണ് അപ്പോഴേക്കും താരം നേടിയത്. 10 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ പിറന്നു. തുടര്‍ന്ന് മനീഷ് പാണ്ഡെയും മഹേന്ദ്ര സിങ് ധോണിയും ഇന്ത്യന്‍ സ്കോര്‍ മുന്നോട്ടു നയിച്ചു. 11 പന്തില്‍ 16 റണ്‍സുമായി ധോണി മടങ്ങിയതിന് ശേഷം സ്കോര്‍ 200 കടത്താന്‍ ഹാര്‍ദിക് പാണ്ഡ്യ(13 നോട്ടൗട്ട്) ആയിരുന്നു മനീഷ് പാണ്ഡെയുടെ(29 നോട്ടൗട്ട്) കൂട്ടായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര വിക്കറ്റുകള്‍ നിശ്ചിത ഇടവേളകളില്‍ ഭുവനേശ്വര്‍ സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ജയപ്രതീക്ഷ ഉണര്‍ന്നു. ഓപ്പണറായ ജെ.ജെ സ്മട്ട്സ്(14), ക്യാപ്റ്റന്‍ ജെ.പി.ഡുമിനി(മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഭുവി അഞ്ച് ഓവറുകള്‍ക്കുള്ളില്‍ വീഴ്ത്തിയത്. മൂന്നാമനായി ഡേവിഡ് മില്ലറെ(ഒമ്പത്) ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞയച്ചു. തുടര്‍ന്ന് റീസ ഹെന്‍ട്രിക്സും ഫര്‍ഹാന്‍ ബെഹര്‍ദീനും ഒത്തുചേര്‍ന്നതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കക്ക് അനുകൂലമായിത്തുടങ്ങി. 81 റണ്‍സിന്‍െറ കൂട്ടുകെട്ട് പൊളിച്ച് യുസ്വേന്ദ്ര ചഹല്‍ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നതോടെയാണ് കളി തിരിഞ്ഞത്. 39 റണ്‍സെടുത്ത ബെഹര്‍ദീനാണ് ചഹലിന് മുന്നില്‍ വീണത്. അധികം വൈകാതെ ഭുവനേശ്വറിന് മുന്നില്‍ ഹെന്‍ട്രിക്സും വീണതോടെ ഇന്ത്യ പിടിമുറുക്കി. 50 പന്തില്‍ 70 റണ്‍സാണ് താരം സ്വന്തമാക്കിയത്. 18ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്‍ട്രിക്സിനെ പറഞ്ഞയച്ച ഭുവനേശ്വര്‍, അതേഓവറില്‍ ഹെന്‍റിച് ക്ലാസെനെയും(16) ക്രിസ് മോറിസിനെയും(പൂജ്യം) പറഞ്ഞയച്ച് ഇന്ത്യന്‍ ജയം അടുത്തെത്തിച്ചു. ഡെയ്ന്‍ പാറ്റേഴ്സണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടായതിന് പിന്നാലെ അന്‍ഡെയ്ല്‍ ഫെഹ്ലുക്വായോയുടെ ചെറുത്തുനില്‍പ്പ് അവസാന ഓവര്‍ വരെ നീണ്ടു. 13 റണ്‍സുമായി ഉനദ്ഘട്ടിന് മുന്നില്‍ ആ പോരാട്ടം അവസാനിച്ചതോടെ ജയം ഇന്ത്യന്‍ വഴിക്കുവന്നു.

നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് ഭുവനേശ്വര്‍ അഞ്ച് വിക്കറ്റുകള്‍ കൊയ്ത് കളിയിലെ താരമായത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20യിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ ബൗളര്‍ എന്ന സുവര്‍ണ നേട്ടമാണ് ഭുവനേശ്വര്‍ ഈ പ്രകടനത്തിലൂടെ സ്വന്തമാക്കിയത്. ട്വന്‍റി20യില്‍ ചഹലിന് ശേഷം അഞ്ച് വിക്കറ്റ് നേടിയ ഏകതാരവും ഭുവിയാണ്.