നിക്ഷേപ തട്ടിപ്പ്: ഡി.എസ്.കെ ഗ്രൂപ്പ് ഉടമയും ഭാര്യയും അറസ്റ്റില്‍

single-img
18 February 2018


പുനെ: ഇടപാടുകാരെ വഞ്ചിച്ച പ്രമുഖ ബിസിനസുകാരന്‍ ഡി.എസ്. കുല്‍ക്കര്‍ണിയും ഭാര്യയും അറസ്റ്റില്‍. 230 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.എസ്.കെ ഗ്രൂപ്പിന്‍െറ മേധാവിയാണ് ഡി.എസ്.കുല്‍ക്കര്‍ണി. ഡല്‍ഹിയില്‍ ഹോട്ടലില്‍ നിന്നാണ് കുല്‍ക്കര്‍ണിയെയും ഭാര്യ ഹേമന്തി കുല്‍ക്കര്‍ണിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഫെബ്രുവരി 23 വരെ റിമാന്‍ഡ് ചെയ്തു.
റിയല്‍ എസ്റ്റേറ്റ്,വിദ്യാഭ്യാസം, വിനോദം, ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ ബിസിനസ് നടത്തുന്നവരാണ് ഡി.എസ്.കെ ഗ്രൂപ്പ്.

കെട്ടിടനിര്‍മ്മാണ ബിസിനസില്‍ 230 കോടിയുടെ സ്ഥിരനിക്ഷേപം നടത്തിയ 2000 ത്തിന് മുകളില്‍ നിക്ഷേപകരെ കബളിപ്പിച്ചു എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് പുനെ കോത്ത്റുഡ് സ്വദേശി ജിതേന്ദ്ര മുലേക്കര്‍ നല്‍കിയ പരാതിയിലാണ് കുല്‍ക്കര്‍ണി കുടുങ്ങിയത്. തന്‍െറ 4.4 ലക്ഷം രൂപ കുല്‍ക്കര്‍ണി ദമ്പതികള്‍ തട്ടിച്ചു എന്ന് പുനെ ശിവാജിനഗര്‍ പോലീസ് സ്റ്റേഷനില്‍ ജിതേന്ദ്ര നല്‍കിയ പരാതിയില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ നൂറുകണക്കിന് പരാതികള്‍ ഇതേ പോലീസ് സ്റ്റേഷനിലെത്തി.

നവംബറില്‍ ബോംബൈ ഹൈക്കോടതി ദമ്പതികളെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. ഒന്നരമാസം മുമ്പ്, 50 കോടി രൂപ രണ്ടാഴ്ചക്കകം നല്‍കാമെന്ന് കുല്‍ക്കര്‍ണി ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് ചെയ്തില്ലെങ്കിലും ഫെബ്രുവരി 14ന് കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കുല്‍ക്കര്‍ണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍മേലുള്ള ഈടില്‍ 12 കോടി രൂപ നല്‍കി എന്ന ബുല്‍ധാന അര്‍ബന്‍ കോഓപ്പറേറ്റീവ് കെഡ്രിറ്റ് സൊസൈറ്റി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ഈ സ്ഥലം ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയത്തിലാണെന്ന് അന്വേഷണ സംഘം പിറ്റേന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച, അറസ്റ്റ് തടയുന്ന ഉത്തരവ് കോടതി പിന്‍വലിച്ചു. നിക്ഷേപകരെ മാത്രമല്ല കോടതിയെയും കുല്‍ക്കണി ദമ്പതിമാര്‍ കബളിപ്പിച്ചതായി കോടതി കുറ്റപ്പെടുത്തി.