കടുവകളുടെ കണക്കെടുക്കാന്‍ വനത്തില്‍ സ്ഥാപിച്ച കാമറ മോഷ്ടിച്ചയാള്‍ പിടിയില്‍

single-img
18 February 2018

മലപ്പുറം ജില്ലയിലെ മരുത മണ്ണിച്ചീനി വനത്തില്‍ കടുവ കണക്കെടുപ്പിനായി വനം വകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച കേസില്‍ പ്രതി കീഴടങ്ങി. മരുത വെണ്ടേക്കുംപൊട്ടി ആനപ്പട്ടത്ത് അബ്ദുല്‍ ഗഫൂറാണ് വഴിക്കടവ് വനം ഓഫീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ജൂണിലാണ് വഴിക്കടവ് റേഞ്ചിലെ മരുത മണ്ണിച്ചീനി വനത്തില്‍ നിന്ന് ക്യാമറ മോഷണം പോയത്.

സംഭവത്തില്‍ വനം വകുപ്പ് നല്‍കിയ പരാതിയില്‍ വഴിക്കടവ് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുത, മുണ്ട സ്വദേശികളായ ഏഴുപേരെ ഡിസംബര്‍ 18ന് എടക്കര സിഐ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.

നഷ്ടപ്പെട്ട കാമറയ്ക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന കാമറയില്‍ രാത്രി തോക്കുമായി നടന്നുനീങ്ങുന്ന ഗഫൂറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിനിടെ ഗഫൂര്‍ വിദേശത്തേക്ക് കടന്നു. ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗഫൂര്‍ മുണ്ടയിലെ ബന്ധുവീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

എന്നാല്‍ അന്വേഷണസംഘത്തിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഊട്ടിയിലും മഞ്ചരിയിലും ഒളിവിലായിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് വഴിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഗഫൂറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് മഞ്ചേരി വനം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മരുത സ്വദേശികളായ രണ്ട് പേര്‍ ഇപ്പോള്‍ വിദേശത്താണ്.