ചരിത്രം തിരുത്തിയെഴുതി റോജര്‍ ഫെഡറര്‍

single-img
17 February 2018


റോട്ടര്‍ഡാം: ടെന്നിസ് ഇതിഹാസത്തില്‍ വീണ്ടും റോജര്‍ ഫെഡറര്‍ എന്ന മഹാരഥന്‍െറ തിരുത്തിക്കുറിക്കലുകള്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മേല്‍ നീണ്ട കാത്തിരിപ്പിന് ശേഷം സ്വിസ് മാസ്റ്റര്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ താരമായി. ടെന്നിസ് റാങ്കിങ്ങിന്‍െറ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡാണ് ഇതോടെ 36കാരനായ റോജര്‍ ഫെഡറര്‍ സ്വന്തം പേരില്‍ കുറിച്ചത്. 33ാം വയസ്സില്‍ ലോക ഒന്നാം റമ്പര്‍ ആയ അമേരിക്കന്‍ താരം ആന്ദ്രെ അഗാസിയുടെ റെക്കോര്‍ഡാണ് വഴിമാറിയത്.

റോട്ടര്‍ഡാം ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബിന്‍ ഹാസിനെ 4-6, 6-1,6-1 ന് തറപറ്റിച്ച് സെമിയിലേക്ക് കുതിച്ചതോടെയാണ് ഫെഡറര്‍ ഒന്നാം റാങ്കിലേക്ക് മുന്നേറിയത്. ഇക്കഴിഞ്ഞ 13 മാസങ്ങളായി തുടരുന്ന മുന്നേറ്റത്തിന്‍െറ പൂര്‍ണ്ണതയാണ് ഒന്നാം റാങ്കിങ്ങിലേക്കുള്ള ഇതിഹാസ താരത്തിന്‍െറ മടക്കം. കഴിഞ്ഞ അഞ്ച് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നും സ്വന്തമാക്കിയ താരം തകര്‍പ്പന്‍ ഫോമിലാണ്. ബാക്കി രണ്ട് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റാഫേല്‍ നഡാലിന്‍െറ കൈയിലിരുന്ന ഒന്നാം നമ്പര്‍ പട്ടമാണ് ഫെഡറര്‍ സ്വന്തം പേരിലാക്കിയത്.

തിങ്കളാഴ്ച പുതിയ റാങ്കിങ് വരുന്നതോടെ ഏറ്റവും കൂടുതല്‍ ആഴ്ചകളില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നതിന്‍െറ തന്‍െറ തന്നെ റെക്കോര്‍ഡായ 302 ആഴ്ചകള്‍ ഇനി തിരുത്തിക്കുറിക്കും. ജനുവരിയില്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ കരിയറിലെ 20 ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയതോടെയാണ് ഫെഡറര്‍ ഒന്നാം റാങ്കിലേക്ക് കൂടുതല്‍ അടുത്തത്. റോട്ടര്‍ഡാമില്‍ മത്സരിക്കാനുള്ള ഉദ്ദേശമില്ലാതിരുന്നെങ്കിലും ഒന്നാം റാങ്കിലേക്കുള്ള മുന്നേറ്റത്തിന്‍െറ സാധ്യത കണക്കിലെടുത്ത് വൈല്‍ഡ് കാര്‍ഡ് സ്വീകരിച്ച് മത്സരിക്കുകയായിരുന്നു. ആസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് മടങ്ങിയതിന് ശേഷം റാഫേല്‍ നഡാല്‍ കളത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.