പ്രവാസി മലയാളികള്‍ക്കു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ–മെയിലില്‍ അപേക്ഷിക്കാം

single-img
17 February 2018

തിരുവനന്തപുരം: നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ-മെയില്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയില്‍ ആയി അപേക്ഷിക്കാം.

അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കില്‍ ഇമെയിലായും സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.