ഇന്റര്‍നെറ്റില്‍ നിന്ന് ഇനി സൗജന്യ ചിത്രങ്ങളില്ലെന്ന് ഗൂഗിള്‍

single-img
17 February 2018


ഇന്‍റര്‍നെറ്റില്‍ നിന്ന് ഹൈ റെസൊല്യൂഷന്‍ ചിത്രങ്ങള്‍ ചുളുവിന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്ന സൗകര്യം ഇനി മറക്കാം. ഗൂഗിള്‍ ആ സൗകര്യം അടച്ചുപൂട്ടി. ഗൂഗിള്‍ ഇമേജസില്‍ വന്‍ മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഉപയോക്താക്കളും വെബ്സൈറ്റുകളും തമ്മിലുള്ള ബന്ധം വളര്‍ത്താനുള്ള നീക്കമാണിതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇതിന്‍െറ ഭാഗമായി ഇമേജ് സെര്‍ച്ചില്‍ നിന്ന് ‘വ്യൂ ഇമേജ്’ ബട്ടന്‍ നീക്കം ചെയ്തു. ചിത്രം ഉള്‍പ്പെടുന്ന വെബ്സൈറ്റിലേക്ക് പോകാന്‍ സഹായിക്കുന്ന ‘വിസിറ്റ് പേജ്’ ബട്ടണ്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഉപയോക്താക്കള്‍ ചിത്രം നല്‍കുന്ന പേജ് സന്ദര്‍ശിച്ച് അതുവഴി വെബ്സൈറ്റുകളില്‍ വിസിറ്റ് കൂട്ടുകയും അവയുടെ ബിസിനസ് ഉയര്‍ത്തുകയുമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും പ്രസാധകരുടെയും പകര്‍പ്പവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. ചിത്രങ്ങള്‍ക്ക് പകര്‍പ്പവകാശ ലൈസന്‍സ് ഉണ്ടാകും എന്ന മുന്നറിയിപ്പ് ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നവക്ക് താഴെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

എന്നാല്‍, മികച്ച റെസല്യൂഷനുള്ള ചിത്രമെടുക്കാന്‍ ഇപ്പോഴും ഒരു കുറുക്കുവഴിയുണ്ട്. ആവശ്യമുള്ള ചിത്രത്തില്‍ റൈറ്റ് ക്ളിക്ക് ചെയ്ത് മറ്റൊരു ടാബില്‍ തുറന്നതിന് ശേഷം വീണ്ടും ചിത്രത്തില്‍ റൈറ്റ് ക്ളിക്ക് ചെയ്ത് ‘സേവ് ആസ്’ ചെയ്താല്‍ മതിയാകും.