പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്

single-img
17 February 2018


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു.

തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ആളാണ്. 2017ല്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും വിവരം ലഭിച്ചിരുന്നെന്നും കപില്‍ സിബല്‍ പറഞ്ഞു. മോദിക്കൊപ്പം വിദേശ യാത്രകളില്‍ പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

നേരത്തെ, കോണ്‍ഗ്രസ് ഇക്കാര്യം വിവരാവകാശം വഴി ആവശ്യപ്പെട്ടപ്പോള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണിതെന്നും പിഎം ഓഫീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാവൂസില്‍ നടന്ന ലോക സാമ്പത്തിക സമ്മേളനത്തില്‍ നീരവ് മോദിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പക്ഷേ, ഇതടക്കമുള്ള ആരോപണങ്ങള്‍ ബിജെപി തള്ളുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം വിദേശയാത്രകളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടത്.

നീരവിനെ സംരക്ഷിക്കാന്‍ ബിജെപി വെമ്പല്‍കൊള്ളുകയാണെന്നു പരിഹസിച്ച സിബല്‍ എളുപ്പത്തില്‍ ചെയ്യാവുന്ന വ്യവസായമെന്ന് മോദി ഇടക്കിടെ പ്രസംഗങ്ങളില്‍ പറയാറുള്ളത് ഇത്തരം തട്ടിപ്പുകളേക്കുറിച്ചാണോ എന്നും ചോദിച്ചു. നീരവിന്റെ തട്ടിപ്പിനെക്കുറിച്ച് ബിജെപിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും സിബല്‍ ആരോപിച്ചു.

2015ല്‍ കോണ്‍ഗ്രസ് ഇതുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചപ്പോള്‍ അത് കൈകാര്യം ചെയ്‌തെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പക്ഷേ, എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നു മാത്രം പറഞ്ഞില്ല. അതേക്കുറിച്ച് ഇനിയെങ്കിലും വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം സിബല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേന്ദ്രധനകാര്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശാല അന്വേഷണ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. അമേരിക്കയിലുള്ള നീരവിനെ നാട്ടിലെത്തിക്കാനായി നയതന്ത്രതലത്തിലും സമ്മര്‍ദ്ദം ശക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നീരവിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുമായി വന്‍ ഇടപാട് നടത്തിയവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ, പിഎന്‍ബി സാമ്പത്തിക തട്ടിപ്പില്‍ നടപടിയുമായി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും.

മറ്റന്നാള്‍ ഹാജരാകാന്‍ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് മേലുദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. അതേസമയം തട്ടിപ്പുകേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പിഎന്‍ബി മുന്‍ ഡപ്യൂട്ടി ജനറല്‍മാനേജരടക്കം മൂന്ന് പേരെയാണ് സിബിഐ അറസ്റ്റ്‌ചെയ്തത്. മൂവരേയും മുംബൈ സിബിഐ കോടതിയില്‍ ഹാജരാക്കും. നിരവ് മോദിയുടേയും, ഗീതാഞ്ജലി ഗ്രൂപ്പിന്റെയും വിവിധസ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുകയാണ്.