നൂറ് മണിക്കൂറെടുത്ത് ഒരുക്കിയ പിറന്നാള്‍ സമ്മാനം; ഇരട്ടക്കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളിന് അമ്മയൊരുക്കിയത് ഗംഭീര സര്‍പ്രൈസ്; വീഡിയോയും ചിത്രങ്ങളും കാണാം

single-img
17 February 2018


കുഞ്ഞുങ്ങളുടെ പിറന്നാളുകള്‍ എങ്ങനെയെല്ലാം വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് മാതാപിതാക്കള്‍ ആലോചിക്കുന്നത്. പ്രത്യേകിച്ച് ഒന്നാം പിറന്നാള്‍. കുഞ്ഞുങ്ങള്‍ക്ക് വാങ്ങുന്ന വസ്ത്രങ്ങളില്‍ തുടങ്ങി കേക്കില്‍ വരെ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമവും നടത്തും.

അത്തരത്തില്‍ വ്യത്യസ്തമാര്‍ന്ന ഒരു ആഘോഷമാണ് ലാറ മേസണ്‍ എന്ന 31 കാരിയായ അമ്മ തന്റെ ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയത്. മക്കളായ ലിലിയുടെയും ലിലയുടെയും രൂപത്തിലും വലിപ്പത്തിലുമുള്ള രണ്ട് എഡിബിള്‍ കേക്കുകളാണ് ലാറ ഒരുക്കിയത്.

5 ദിവസം, അതായത് ഏകദേശം നൂറ് മണിക്കൂര്‍ എടുത്താണ് ലാറ കേക്ക് ഉണ്ടാക്കിയത്. 44 മുട്ടയും രണ്ടരക്കിലോ മാവും 4 കിലോ ബട്ടര്‍ക്രീമുമാണ് കേക്കില്‍ ചേര്‍ത്തിരിക്കുന്നത്. അമച്വര്‍ ബേക്കറാണ് ലാറ. മക്കളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ലാറ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

എന്തായാലും ഇതിനോടകം സമൂഹമാധ്യങ്ങള്‍ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തുകഴിഞ്ഞു. തങ്ങളുടെ രൂപത്തിലുള്ള കേക്കില്‍ തൊട്ടുനക്കിയും തലോടിയുമെല്ലാമാണ് കുഞ്ഞുങ്ങള്‍ അമ്മയുടെ കേക്ക് സമ്മാനം സ്വീകരിച്ചത്. ലാറയൊരുക്കിയ സര്‍പ്രൈസ് കേക്കിന്റെ ചിത്രങ്ങള്‍ ഭാവിയില്‍ ആ കുഞ്ഞുങ്ങള്‍ കാണുമ്പോള്‍ അവര്‍ അമ്മയെ അഭിനന്ദിക്കുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ചിത്രത്തിനെക്കുറിച്ച് ആളുകള്‍ പറയുന്നത്.