അനുഷ്‌കയ്ക്ക് നന്ദിപറഞ്ഞ് വിരാട് കോഹ്‌ലി; ‘ഞാന്‍ ആരുമായും മല്‍സരിക്കുന്നില്ല; വിശേഷണങ്ങളും വേണ്ട’

single-img
17 February 2018


ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര 5-1ന് വിജയിച്ചതോടെ ടീം ഇന്ത്യയേയും നായകന്‍ വിരാട് കോഹ്ലിയേയും പ്രശംസകള്‍കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും. പരമ്പരയില്‍ മൂന്നു സെഞ്ചുറി ഉള്‍പ്പടെ 558 റണ്‍സ് നേടി മാന്‍ ഓഫ് ദ സീരിസ് ആയ നായകനെ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി താരതമ്യപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. 35 സെഞ്ചുറികള്‍ ഇതുവരെ നേടിക്കഴിഞ്ഞ കോഹ്ലിക്കു മുന്നില്‍ സച്ചിന്‍ മാത്രമാണ് ഇനിയുള്ളത്.

ആരുമായും മല്‍സരിക്കാനില്ലെന്നും പ്രത്യേക വിശേഷണങ്ങളും വേണ്ടെന്നും സെഞ്ചൂറിയന്‍ ഏകദിനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ കോഹ്‌ലി പറഞ്ഞു.’ഇപ്പോഴത്തെ സാഹചര്യത്തില്‍, ആരെങ്കിലുമായി മല്‍സരിക്കുന്നുവെന്ന തോന്നല്‍ എനിക്കില്ല. മല്‍സരത്തിനായുള്ള ഒരുക്കം മാത്രമാണ് എപ്പോഴും മനസ്സിലുള്ളത്. അത്തരമൊരു മനസ്ഥിതി സ്വന്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതും. അല്ലാതെ ആരുമായും മല്‍സരത്തിനില്ലെന്ന് കോഹ്‌ലി പറഞ്ഞു.

ആരെങ്കിലുമായും മല്‍സരിക്കുന്നതായും മറ്റുള്ളവരെക്കാള്‍ താന്‍ മുന്നിലായിരിക്കണമെന്നും ചിന്തിച്ചാല്‍ ടീമിനായുള്ള പ്രകടനത്തില്‍ പലപ്പോഴും വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴുള്ള ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി ഇങ്ങനെ:

എനിക്ക് യാതൊരുവിധ ലേബലുകളും ആവശ്യമില്ല. എന്തെങ്കിലും തലക്കെട്ടുകളും വേണ്ട. ജോലി ചെയ്യുന്നതിലാണ് എന്റെ സമ്പൂര്‍ണമായ ശ്രദ്ധ. എത്ര വലിയ വിജയമായാലും ഞങ്ങളുടെ ലക്ഷ്യം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വിജയിച്ചാലും തോറ്റാലും ഞങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുക എന്നതാണ്, നന്നായി കഠിനാധ്വാനം ചെയ്യുക, എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ശ്രമിക്കുക. എന്നെക്കുറിച്ച് എന്തെങ്കിലും ആരെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അത് അവരുടെ കര്‍ത്തവ്യമാണ്. എനിക്ക് യാതൊരു ലേബലുകളും വേണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടങ്ങളില്‍ അനുഷ്‌കയുടെ പിന്തുണയാണ് കരുത്തായതെന്ന് കോഹ്‌ലി പറഞ്ഞു. ‘എന്റെ കൂടെനിന്ന എല്ലാവരും ഈ വിജയത്തില്‍ പങ്കാളികളാണ്. പരമ്പരയില്‍ ഉടനീളം എനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്‌ക ശര്‍മയാണ്. അവള്‍ കൂടെയുണ്ടായിരുന്നു. അതില്‍ ഞാന്‍ ഏറെ നന്ദിയുളളവനാണ്.

എന്റെ കരിയറില്‍ ഇനി എട്ടോ ഒന്‍പതോ വര്‍ഷമേ ബാക്കിയുള്ളൂ. അതിലെ ഓരോ ദിവസവും ഒന്നിനൊന്ന് മികച്ചതാക്കി മാറ്റണം. ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നതും ഇന്ത്യന്‍ ടീമിന്റെ നായകനായിരിക്കുന്നതും അനുഗ്രഹമായാണ് കരുതുന്നത്. മികച്ച രീതിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വഹിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

‘അവസാന മല്‍സരമാണ് എനിക്ക് വളരെ നന്നായിട്ട് തോന്നിയത്. കഴിഞ്ഞ തവണ അത്ര തൃപ്തിയുണ്ടായിരുന്നില്ല. വെളിച്ചത്തിന് കീഴില്‍ ബാറ്റ് ചെയ്യാന്‍ പറ്റിയ മികച്ച മൈതാനമാണിത്. അതുകൊണ്ടാണ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തതെന്നും കോഹ്‌ലി പറഞ്ഞു.