ആലപ്പുഴയില്‍ കെ.എസ്.യു-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; ജില്ലയില്‍ നാളെ ഹര്‍ത്താല്‍

single-img
17 February 2018


ആലപ്പുഴ: നഗരത്തില്‍ കെ.എസ്.യു -ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കെ.എസ്.യുവിന്‍െറ സംസ്ഥാന സമര കാഹള റാലിക്കിടയിലാണ് അക്രമമുണ്ടായത്. ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, ആലപ്പുഴ ഡി.വൈ.എസ്.പി പി.വി ബേബി എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. റാലിക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ വന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ച വരെ ആലപ്പുഴയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കെ.എസ്.യു റാലിക്കിടെ പ്രവര്‍ത്തകര്‍ സി.പി.എം ബോര്‍ഡുകളും കൊടികളും നശിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. കെ.എസ്.യുക്കാരെ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദി വിട്ടതിന് പിന്നാലെയായിരുന്നു ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധത്തിനാണ് ആലപ്പുഴ നഗരം സാക്ഷിയായത്. മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. കനത്തകാവലാണ് പോലീസ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.