സെഞ്ച്വറി വീരനായി വിരാട് കോലി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പരമ്പര

single-img
17 February 2018


സെഞ്ചൂറിയന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി കരിയറിലെ 35 ാം സെഞ്ച്വറിയുമായി കസറിയ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റണ്‍സ് ലക്ഷ്യം 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം സ്വന്തമാക്കി. 96 പന്തില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഇന്ത്യയുടെ പരമ്പര വിജയം അവിസ്മരണീയമാക്കി. അവസാന ഏകദിനത്തിലും ജയിച്ചതോടെ 5-1 ന് ആണ് സന്ദര്‍ശകര്‍ പരമ്പര തങ്ങളുടെ പേരില്‍ കുറിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച കോലി, 19 ഫോറുകളും രണ്ട് സിക്സുമാണ് പറത്തിയത്. അഞ്ചാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഇത്തവണ ആദ്യം വീണത്. 15 റണ്‍സെടുത്ത രോഹിതിനെ ലുംഗി എന്‍ഗിഡി വീഴ്ത്തി. വണ്‍ഡൗണായെത്തിയ കോലിക്കൊപ്പം ശിഖര്‍ ധവാന്‍ മികച്ച കൂട്ടുകെട്ടുമായി മുന്നേറവേ വീണ്ടും എന്‍ഗിഡി ദക്ഷിണാഫ്രിക്കന്‍ രക്ഷകനായി. 18 റണ്‍സുമായി ധവാനെ പറഞ്ഞയച്ചു. എന്നാല്‍, മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ആഹ്ളാദനിമിഷമായിരുന്നു അത്. നാലാമന്‍ അജിന്‍ക്യ രഹാനെക്ക് ഒരു കാഴ്ചക്കാരന്‍െറ വേഷം മാത്രം നല്‍കി കോലി അടിച്ചുകയറി. ഒടുവില്‍ 33 ാം ഓവറിലെ ആദ്യ പന്ത് ഇമ്രാന്‍ താഹിറിനെ ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ട് ഇന്ത്യന്‍ ജയം ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കി.വിരാട് കോലിയാണ് കളിയിലെയും പരമ്പരയിലെയും താരം.