ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള

single-img
17 February 2018

ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയ കിവി സിമോമിയും സഹതാരങ്ങളും ആഘോഷത്തില്‍ ചിത്രം: ഐലീഗ്

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബാളിന്‍െറ പര്യായങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഈസ്റ്റ് ബംഗാള്‍ ക്ലബിനെ അട്ടിമറിച്ച് ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ വിസ്മയപ്രകടനം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഹോം മാച്ചില്‍ 2-1 സ്കോറിനാണ് ഗോകുലം വിജയം കുറിച്ചത്. ലീഗില്‍ മൂന്നാമത് നില്‍ക്കുന്ന ഈസ്റ്റ്ബംഗാളിനെതിരെ നേടിയ ജയം കേരളത്തിന്‍െറ സ്വന്തം ടീമിന് ഊര്‍ജം നല്‍കുന്നതാണ്. മറ്റൊരു കൊല്‍ക്കത്ത വമ്പനായ മോഹന്‍ ബഗാനെതിരെ നേടിയ ജയത്തിന് പിന്നാലെയാണ് സ്വന്തം ഗൗണ്ടില്‍ ഈ നേട്ടം.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഗോകുലത്തിന്‍െറ തിരിച്ചടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്‍െറ അവസാന നിമിഷത്തില്‍ കത്സുമി യുസ നേടിയ പെനാല്‍റ്റി ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 51ാം മിനിറ്റില്‍ കിവി സിമോമി ഗോകുലത്തിനായി ഗോള്‍ മടക്കി സമനില പിടിച്ചു. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോള്‍ 87ാം മിനിറ്റില്‍ ഈസ്റ്റ്ബംഗാള്‍ താരം സലാം രഞ്ജന്‍ സിങ്ങിന്‍െറ സെല്‍ഫ് ഗോളാണ് ഗോകുലത്തിന് ജയം സമ്മാനിച്ചത്. ഈസ്റ്റ്ബംഗാള്‍ ഗോള്‍മുഖത്തേക്ക് വന്ന അര്‍ജുന്‍ ജയരാജിന്‍െറ ക്രോസ് ഗോളടിക്കാന്‍ ഒരുങ്ങി നിന്ന കിസേക്കക്ക് ലഭിക്കാതിരിക്കാന്‍ സലാം രഞ്ജന്‍ നടത്തിയ ശ്രമമാണ് വലയിലേക്ക് വഴിതിരിഞ്ഞ്കയറിയത്. മോഹന്‍ ബഗാനെ തോല്‍പ്പിച്ച ടീമില്‍ യാതൊരു മാറ്റവുമില്ലാതെയാണ് കോച്ച് ബിനോ ജോര്‍ജ് ഗോകുലത്തിനെ ഇറക്കിയത്.
14 മത്സരങ്ങളില്‍ അഞ്ചാം ജയം നേടിയ ഗോകുലത്തിന് 16 പോയിന്‍റായി. എട്ടാം സ്ഥാനത്താണ് കേരളത്തിന്‍െറ ടീം. 15 മത്സരങ്ങളില്‍ 26 പോയന്‍റുള്ള ഈസ്റ്റ്ബംഗാള്‍ മൂന്നാം സ്ഥാനത്താണ്.