മേല്‍വസ്ത്രം ധരിക്കാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്കെത്തിയത് ഒരു കൂട്ടം യുവതികള്‍; കാരണം ഇതാണ് (ചിത്രങ്ങള്‍)

single-img
17 February 2018

ലണ്ടന്‍: മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം യുവതികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. നിരവധി യുവതികളാണ് ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്ക് മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്‌നരായെത്തിയത്.

യാതൊരു മടിയും കൂടാതെ വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് ജനക്കൂട്ടം അമ്പരന്നു. വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് യുവതികള്‍ അര്‍ധനഗ്‌നരായി വേദിയിലെത്തിയത്.

നിങ്ങള്‍ സ്വന്തം തൊലി ധരിക്കുക എന്ന മുദ്രാവാക്യം ശരീരത്ത് പെയിന്റ് കൊണ്ട് എഴുതി വെച്ചായിരുന്നു പ്രതിഷേധം. മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനായിരുന്നു ഇവര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

മനുഷ്യരുടെ ഈ പ്രവര്‍ത്തിയെ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ഒതുങ്ങി ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. വിഷം വച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏല്‍പ്പിച്ചും കഴുത്ത് മുറിച്ചുമാണ് വെറും വസ്ത്രത്തിന് വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നത്. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വേദന അനുഭവിപ്പിച്ചാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് സംഘടനയുടെ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചത്. നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മൃഗങ്ങളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.