നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു; ദിലീപിന് എതിരായ ഗൂഢാലോചന തെളിയിക്കല്‍ വെല്ലുവിളി

single-img
17 February 2018

കേരളത്തെ ഞെട്ടിച്ച യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒരു വയസ്. 2017 ഫെബ്രുവരി 17നാണ് യുവനടിയെ ഒരു സംഘം ആക്രമിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവം മലയാളികളെയും സിനിമാ ലോകത്തെയും ഞെട്ടിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ നടത്തിയ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവുണ്ടാക്കുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആണ് ആദ്യം പിടിയിലായത്.

സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണു മുഖ്യപ്രതിയെന്നും പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍നിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്.

ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) രൂപീകരണത്തിനും സംഭവം കാരണമായി.

തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നല്‍കി. നടിയെ ആക്രമിച്ചു ബ്ലാക്‌മെയില്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയര്‍ന്നത്.

ഇതിനെതിരെ ദിലീപ് പരാതി നല്‍കി. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജൂണ്‍ 28ന് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു. കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി.

85 ദിവസം ജയില്‍ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികള്‍. വിചാരണ എപ്പോള്‍ തുടങ്ങുമെന്നു തീരുമാനിക്കാനായി കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാല്‍ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നില്‍ ദിലീപാണെന്ന മൊഴികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇവ രണ്ടും ഇതിനോടകം നശിപ്പിക്കപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കാറില്‍ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ സുനിയില്‍ നിന്ന് കേസിലെ പ്രതികളായ അഭിഭാഷകരിലെത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെ നിര്‍ണായക തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് പോലീസ് കരുതുന്നു. കേസില്‍ രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫോണ്‍ വീണ്ടെടുക്കാനായി അന്വേഷണം തുടരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം വിചാരണ ആരംഭിക്കുന്നതിന് മുന്‍പായി പോലീസ് കോടതിയെ അറിയിച്ചേക്കും എന്നാണ് സൂചന.

ഫോണിന് എന്തു സംഭവിച്ചു എന്ന കാര്യം കോടതിയെ കൃത്യമായി ബോധിപ്പിച്ചാല്‍ മാത്രമേ പോലീസ് ഇനി മുന്നോട്ട് പോവാന്‍ സാധിക്കൂ. കേസില്‍ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും കോടതിയില്‍ എത്തിച്ചില്ലെങ്കില്‍ അത് പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ശക്തമാണ്.

നടി ആക്രമിക്കപ്പെട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തന്നെ നിലവിലില്ലെന്നതാണ് മറ്റൊരു വിഷയം. ഫോണിനായി അന്വേഷണം തുടരുന്നുവെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും കേസില്‍ രണ്ടാമത് കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ ഏതാണ്ട് പിരിച്ചു വിട്ട അവസ്ഥയിലാണ്. . ഇതു സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പൊന്നും വന്നില്ലെങ്കിലും അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും മറ്റു ചുമതലകളേറ്റെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞു.