ഗ്രാമീണ മേഖലകള്‍ സ്തംഭിച്ചു; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തില്‍: ബസുടമകളുമായി ഇന്ന് ചര്‍ച്ച

single-img
17 February 2018


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് സമരം രണ്ടാംദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബദല്‍ മാര്‍ഗമില്ലാതെ വലഞ്ഞു.

ഗ്രാമീണ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. ഇടുക്കിയുടെയും വടക്കന്‍ കേരളത്തിന്റെയും മലയോര മേഖലകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരാണ് സമരത്തില്‍ വലയുന്നത്. വിദ്യാര്‍ഥികളെയും സമരം ഏറെ വലച്ചു.

യാത്രാക്ലേശം മുന്നില്‍ക്കണ്ട് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ സൗജന്യസേവനം നടത്തുന്നുണ്ട്. ചാര്‍ജ് വര്‍ധനയില്‍ നിലപാട് മയപ്പെടുത്തിയ ബസ് ഉടമകള്‍ വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

മറ്റന്നാള്‍ മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം തുടങ്ങാനും ബസുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന.

നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച് മുതല്‍ ഇത് പ്രബാല്യത്തില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്.

അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്