സ്വകാര്യ ബസ് പണിമുടക്ക്: ബസുടമകള്‍ നാളെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും

single-img
17 February 2018

തിരുവനന്തപുരം: സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗത മന്ത്രിയാണു ബസുടമകളുമായി ചര്‍ച്ച നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ബസുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയില്‍ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.