മകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പണമില്ല; അമ്മയ്ക്ക് മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യേണ്ടി വന്നു

single-img
17 February 2018

ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് ആദിവാസി യുവാവിന്റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയിലെ ജഗദല്‍പൂര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം ദാനം ചെയ്തത്. ബാമന്‍ എന്ന 21കാരന്റെ മൃതദേഹമാണ് ദാനം ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകവെ ബാമനെ ഒരു വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ ബാമന്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിന് ബാമന്റെ അമ്മ ശ്രമിച്ചെങ്കിലും പണമില്ലാത്തത് തിരിച്ചടിയായി.

ഇത് മനസിലാക്കിയ ആശുപത്രി അധികൃതരുടെ കൂടെ നിര്‍ദേശപ്രകാരം ബാമന്റെ അമ്മ മൃതദേഹം ദാനം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൗരവമേറിയ പ്രശ്‌നമാണിതെന്ന് ബിജെപി നേതാക്കളും പറഞ്ഞു.