ഒന്‍പത് മാസം കൊണ്ട് ബിജെപിയെ മടുത്തു; ദില്ലി പിസിസി മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ ലൗലി വീണ്ടും കോണ്‍ഗ്രസില്‍

single-img
17 February 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന അരവിന്ദര്‍ സിംഗ് ലവ്‌ലി മാതൃപാര്‍ട്ടിയില്‍ മടങ്ങിയെത്തി. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ വച്ചാണ് തിരികെ പാര്‍ട്ടിയിലെത്തിയത്. ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് മാക്കനും ചടങ്ങില്‍ പങ്കെടുത്തു.

പ്രത്യയശാസ്ത്രപരമായി തനിക്ക് ബി.ജെ.പിയോട് യോജിക്കാനാവില്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ അടുത്ത ദിവസം തന്നെ മനസിലായി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം വേദനയോടെയാണ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ കുറിച്ചുണ്ടായിരുന്ന തെറ്റുദ്ധാരണകളാണ് അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നും ലൗലി മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ആയിരത്തോളം പേര്‍ ബിജെപിയില്‍ നിന്നും തിരിച്ചു കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെയാണ് ഒരാള്‍ കൂടി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും ദില്ലി പിസിസി അധ്യക്ഷനുമായ അജയ് മാക്കനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നാല് തവണ ദില്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അരവിന്ദര്‍ സിംഗ് ലൗലി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അടുത്തിടെ മാക്കനും ലൗലിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി ഭിന്നത പരിഹരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലൗലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന വിവരം അറിയിച്ചത്. ഇരട്ടപ്പദവിക്കേസില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ദില്ലിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ആഹ്ലാദം പകരുന്നതാണ് സീനിയര്‍ നേതാവായ ലൗലിയുടെ തിരിച്ചുവരവ്.