സ്ത്രീധനം കിട്ടാനായി ആണായി വേഷം മാറി രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ത്രീ പിടിയില്‍

single-img
16 February 2018


നൈനിത്താള്‍: നാല് വര്‍ഷം ആണ്‍വേഷം കെട്ടി നടന്ന് രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും ഒരാളെ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് 25കാരി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട സ്വീറ്റി സെന്‍ ആണ് ഉത്തരാഖണ്ഡില്‍ ഹല്‍ദാനി പോലീസിന്‍െറ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ധംപൂര്‍ സ്വദേശിയാണ് സ്വീറ്റി സെന്‍.

മുമ്പ് ആണുങ്ങളുടെ വസ്ത്രധാരണവുമായി നടന്നിരുന്ന ഇവര്‍ 2013 മുതലാണ് കൃഷ്ണ എന്ന പുരുഷന്‍ ആയി വേഷം മാറിയത്. ഫെയ്സ്ബുക്ക് വഴി സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിക്കുകയായിരുന്നെന്ന് നൈനിത്താള്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ജന്‍മേജയ് ഖണ്ഡൂരി പറഞ്ഞു.
2013 ലാണ് കൃഷ്ണ സെന്‍ എന്ന പേരില്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളെ ചാറ്റിലൂടെ വശത്താക്കാന്‍ തുടങ്ങിയത്. പിന്നാലെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമിനി എന്ന പെണ്‍കുട്ടിയെ കാണാന്‍ 2014 ല്‍ ഹല്‍ദാനിയില്‍ എത്തി. അലിഗഡിലെ ഒരു ബിസിനസുകാരന്‍െറ മകന്‍ എന്നാണ് പരിചയപ്പെടുത്തിയത്. ആ വര്‍ഷം അവസാനം ഇരുവരും വിവാഹിതരായി. വൈകാതെ സ്ത്രീധനത്തിന്‍െറ പേരില്‍ പീഡനങ്ങളും ആരംഭിച്ചു. എട്ടര ലക്ഷം രൂപ കാമിനിയുടെ കുടുംബത്തില്‍ നിന്നും സ്വീറ്റി കൈക്കലാക്കിയതായി പോലീസ് പറഞ്ഞു.
‘‘അവര്‍ പുരഷന്മാരെ പോലെ തന്നെ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നു. എന്നെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതോടെ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.’’-കാമിനി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് 2016 ലാണ് അടുത്ത വിവാഹം കഴിച്ചത്. കാലാധുംഗി ടൗണില്‍ നിന്നുള്ള നിഷ എന്ന സ്ത്രീ ഇവരുടെ ആദ്യ വിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ആളായിരുന്നു. രണ്ട് ‘ഭാര്യമാരെയും’ തികോനിയയില്‍ ഒരു മുറി വാടകക്കെടുത്ത് അവിടെയാണ് പാര്‍പ്പിച്ചിരുന്നത്.
സ്വീറ്റി പെണ്ണാണെന്ന് രണ്ടാം ഭാര്യ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്തി. സഹികെട്ട ആദ്യ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ‘കൃഷ്ണ’ കുടുങ്ങിയത്. വിവാഹത്തിന് ശേഷം തന്‍െറ ശരീരം കാണാനോ തൊടാനോ ഭാര്യമാരെ സ്വീറ്റി അനുവദിച്ചിരുന്നില്ല. സെക്സ് ടോയ്സ് ഉപയോഗിച്ചായിരുന്നു ലൈംഗിക ജീവിതമെന്ന് പോലീസ് പറഞ്ഞു.
ആദ്യം സ്ത്രീധനപീഡനത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പിന്നീട് ഇത് മാറ്റി. രണ്ട് വിവാഹങ്ങളും നിയമപരമായി നിലനില്‍ക്കില്ല എന്നത് കൊണ്ട് ആള്‍മാറാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
സ്വീറ്റി സെന്നിന്‍െറ കുടുംബത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് വിവാഹത്തിലും കുടുംബം പങ്കെടുക്കുകയും പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.