ഷുഹൈബിന്റെ കൊലപാതകം താലിബാന്‍ മോഡലിലെന്ന് ഉമ്മന്‍ചാണ്ടി: പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കാനം

single-img
16 February 2018

തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ അക്രമികള്‍ താലിബാന്‍ മോഡലില്‍ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 37 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. സി.പി.എം കൊടുക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

ഇതിനെതിരെ സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പകരത്തിന് പകരമെന്ന ശൈലി കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടക്കം വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരെ ഇന്ന് പ്രതികരിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സിപിഐയാണ്. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസും ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാട് കാനം ആവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ മാണിയില്ലാതെയാണ് ഇടതുമുന്നണി ജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളില്‍ നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് മാണിക്കറിയാം. അതുകൊണ്ടാണ് സിപിഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞതെന്നും കാനം പരിഹസിച്ചു.