ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഒത്തുകളിയോ?: വിവാദമായി ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ട്വീറ്റ്

single-img
16 February 2018

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഒത്തുകളിയാണോ. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡയുടെയും ലുങ്കി എങ്കിടിയുടെയും ട്വീറ്റുകളാണ് ഇത്തരമൊരു വാദത്തിന് ബലം നല്‍കുന്നത്. എല്ലാ ദുഷ്‌ചെയ്തികള്‍ക്കും കാരണം പണമാണെന്നായിരുന്നു ഇരുവരുടെയും ട്വീറ്റ്.

അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ജയത്തോടെ ആറ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. അവസാന മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യ നേടിയ പരമ്പര ജയം ഒത്തുകളിയാണെന്ന സൂചനകളുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ട്വീറ്റുകള്‍ വന്നത്.

ട്വീറ്റുകള്‍ വിവാദമായതോടെ ഇരുവരും ട്വീറ്റ് ഡീലിറ്റ് ചെയ്തു. ഉടന്‍ വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തു. തങ്ങളുടെ ട്വീറ്റിന് ക്രിക്കറ്റുമായി ബന്ധമില്ലെന്നായിരുന്നു ഇരുവരും വിശദീകരിച്ചത്. ഇന്നലെ ഒരേസമയത്താണ് ഇരുവരും ഒരേ വാക്കുകള്‍ ട്വീറ്റ് ചെയ്തതെന്നതും ശ്രദ്ധേയമായി.

പെട്ടെന്ന് തന്നെ ഡീലിറ്റ് ചെയ്‌തെങ്കിലും അതിനുമുമ്പെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. തന്റെയും എങ്കിടിയുടെയും ട്വീറ്റിന് ക്രിക്കറ്റുമായി ബന്ധമില്ലെന്ന് റബാഡ വിശദീകരിക്കുകയും ഉടന്‍ തന്നെ എങ്കിടി അത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അഞ്ചാം ഏകദിനത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് റബാഡക്കെതിരെ ഐസിസി നടപടിയെടുത്തിരുന്നു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി നല്‍കാനും ഒരു ഡിമെറിറ്റ് നല്‍കാനും ഐസിസി തീരുമാനിച്ചിരുന്നു.

ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ശേഷം കൈകൊണ്ട് ഡ്രസിംങ് റൂമിലേക്ക് പോകാന്‍ ആംഗ്യം കാണിച്ചതിനാണ് റബാഡക്കെതിരെ നടപടി വന്നത്.

: