നഗര മദ്ധ്യത്തില്‍ 47കാരിയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം

single-img
16 February 2018

ന്യൂഡല്‍ഹി: നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ച് 47കാരിയായ സ്ത്രീയുടെ കമ്മല്‍ കവര്‍ന്നു. കവര്‍ച്ചക്കിടെ സ്ത്രീയുടെ ചെവി മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗര മദ്ധ്യത്തില്‍ നടന്ന സംഭവത്തില്‍ ആരും പ്രതികരിക്കുകയോ സ്ത്രീയെ രക്ഷിക്കുകയോ ചെയ്തില്ല.

പകരം ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില്‍ പോവണമെന്നു നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ആശുപത്രിയിലേക്ക് ഒറ്റക്ക് തന്നെ പോയ വന്ദന ശിവയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.

വടക്കന്‍ ഡല്‍ഹിയിലെ ശക്തി നഗറില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു വന്ദന ശര്‍മ. ഇതിനിടെയാണ് മോഷ്ടാക്കള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തി രണ്ട് കമ്മലുകളും കവര്‍ന്നത്. കാഴ്ച്ചയില്‍ 20 വയസ് പ്രായം തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് വന്ദനയുടെ ഭര്‍ത്താവ് മനോജ് ശര്‍മ്മ ആരോപിച്ചു.

ഡിവൈഡറിന് സമീപം സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ നിന്നും പ്രതിയുടെ ഏകദേശ രൂപം ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.